നിലമ്പൂര്‍: വന്യജീവി ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് വനം വകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ഒന്‍പത് ആര്‍ആര്‍ടികളില്‍ വനം വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രകാരമുള്ള ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക എടുത്തു കളയുകയും മൂന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ വീതം ആവശ്യപ്പെട്ടതിലേക്ക് ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ മാത്രം അനുവദിക്കുകയുമാണുണ്ടായത്. ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ മാത്രം വച്ചുകൊണ്ട് ഈ സംവിധാനം നടത്തികൊണ്ടുപോകുന്നത് ദുഷ്കരമാകുമെന്നും ഓര്ഗനൈസേഷന് കുറ്റപ്പെടുത്തി.
എല്ലാ ജില്ലകളിലേയും കായികക്ഷമത പരീക്ഷ പൂര്‍ത്തീകരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അതില്‍ നിന്ന് ഒഴിവുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികളിലേക്ക് നിയമനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യോഗം സിപിഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. വിരമിച്ച ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) വി.ബി. ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.വി. സുരേന്ദ്രന് എന്നിവരെയും
സംസ്ഥാന വനം കായികമേളയില്‍ വിജയം കരസ്ഥമാക്കിയവരായ ബെന്‍സീറ, അമല്‍ വിജയന്, ബാലു, ജയകൃഷ്ണന്, ലാലു, അജിത്ത് ആന്റണി എന്നിവരെയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജീന ജോണിനെയും ചടങ്ങില്‍ അനുമോദിച്ചു. എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കെഎസ്എഫ്പിഎസ്ഒ അംഗങ്ങളുടെ മക്കളെയും അനുമോദിച്ചു.
കെഎസ്എഫ്പിഎഫ്ഒ സംസ്ഥാന പ്രസിഡന്റ് പി. വിജയന്, ജനറല്‍ സെക്രട്ടറി ജി.എല്‍. റെജിമോന്, ഖജാന്‍ജി സജി ജോണ്‍, കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. കുഞ്ഞാലിക്കുട്ടി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം മുനവ്വിര്‍, നിലമ്പൂര്‍ മേഖലാ പ്രസിഡന്റ് ഗിരീഷ്, കെ. അബിനേഷ്, പി. നിസാര്‍, ആതിര എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഷിജ്ന രജീഷ് (പ്രസിഡന്റ്), സനോജ് കുമാര്‍, ജിസ്റ്റീന (വൈസ് പ്രസിഡന്റ്), ആര്.എം. ബിജിന് (സെക്രട്ടറി), അനൂപ്, എച്ച്. അരുണ്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണന് (ഖജാന്‍ജി).