ജ​ല അ​ഥോ​റി​റ്റി പെ​ന്‍​ഷ​ന്‍​കാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്; ഇ​ന്ന് ധ​ര്‍​ണ
Thursday, July 4, 2024 5:22 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: 2019 ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​മു​ള്ള​തും പ​തി​നൊ​ന്നാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത​തു​മാ​യ പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണം അ​ര്‍​ഹ​ത​പ്പെ​ട്ട സ​ര്‍​വ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടും സേ​വ​ന​മേ​ഖ​ല​യാ​യ ജ​ല അ​ഥോ​റി​റ്റി​യി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​ര്‍​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ഉ​ണ്ടാ​യി​ട്ടും പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു പ്ര​ക്ഷോ​ഭം ന​ട​ത്തും.

ജ​ല അ​ഥോ​റി​റ്റി​യി​ലെ പെ​ന്‍​ഷ​ന്‍ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര റി​ലേ സ​ത്യ​ഗ്ര​ഹം 108 ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ ഫെ​ബ്രു​വ​രി 21ന് ​ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യും 28ന് ​ജ​ല, ധ​ന മ​ന്ത്രി​മാ​ര്‍ സം​യു​ക്ത​മാ​യും സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​മെ​ന്നും അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. പി​ന്നീ​ട് ജൂ​ണ്‍ 12ന് ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണം ച​ര്‍​ച്ച ചെ​യ്തു​വെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല അ​ഥോ​റി​റ്റി കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. 11 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ അ​റി​യി​ച്ചു.