കണിയാപുരത്ത് യുവതിമരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു
1495413
Wednesday, January 15, 2025 6:47 AM IST
തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ഏറുന്നു.
കരിച്ചാറ റെയിൽവേ ലൈനിനടുത്ത് കുളങ്ങര ഷിജി (33)യെ തിങ്കളാഴ്ച്ച വൈകുന്നേരം വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. യുവതിയുടെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രംഗൻ ഒളിവിലാണ്.
യുവതിയുടെ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്ത് രംഗന്റെ മൊബൈൽ ഫോണ് ഓഫ് ചെയിരിക്കയാണ്. സ്കൂൾ വിദ്യാർഥികളായ പെണ്മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ഷിജി മരിച്ച നിലയിൽ ഹാളിൽ നിലത്ത് കിടക്കുന്നത് കണ്ടത്.
കഴുത്തിൽ ചെറിയ കയറും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ സംഭവസ്ഥലത്തെത്തി.
തുടർന്ന് മംഗലപുരം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃദദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ദരും പരിശോധന നടത്തി. ഒരു വർഷം മുൻപാണ് മരണം നടന്ന വീട്ടിൽ ഷിജിയും കുട്ടികളും വാടകക്ക് താമസമായത്. കഴിഞ്ഞ 19 ന് കഠിനംകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് ഷിജിയും രംഗനും പൂമാല ചാർത്തി ഒരുമിച്ച് താമസിച്ചു വരുകയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.