ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് നൃത്താവിഷ്കാരം ഒരുക്കി ദൈവദശകം കൂട്ടായ്മ
1495161
Tuesday, January 14, 2025 6:34 AM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ക്കും സന്ദേശങ്ങള്‍ക്കും നൃത്താവിഷ്ക്കാരം ഒരുക്കി ദൈവദശകം കൂട്ടായ്മ.
ഗുരു കൃതികള്‍ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരു പദ്ധതിയുടെ ഭാഗമായാണ് നൃത്തപരിശീലന ക്യാന്പ് ഒരുക്കിയത്. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം 111 വര്‍ഷം പിന്നിടുമ്പോഴും ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നു സ്വാമി അസംഗാനന്ദഗിരി പറഞ്ഞു. ദൈവദശകം ചെയര്മാന് ഗിരീഷ് ഉണ്ണികൃഷ്ണന് അധ്യക്ഷ വഹിച്ചു.
ഗുരുധര്‍മ പ്രചാരണ സഭ യുവജന വിഭാഗം സംസ്ഥാന ചെയര്മാന് രാജേഷ് സഹദേവന് സന്ദേശം നല്കി. ഭരതനാട്യം നര്‍ത്തകനും നൃത്ത സംവിധായകനുമായ സുദര്ശന് കലാക്ഷേത്ര ഭരതനാട്യത്തില്‍ ക്ലാസെടുത്തു. കലാമണ്ഡലം ലക്ഷ്മി വിനോദ് ദൈവദശകം മോഹിനിയാട്ടം അവതരിപ്പിച്ചു.
സര്‍ട്ടിഫിക്കറ്റ് വിതരണം സ്വാമി ശങ്കരാനന്ദ നിര്‍വഹിച്ചു. സാംസ്കാരിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരായ മഞ്ജു എം. കുമാര്‍, സിനി കെ. തോമസ്, എന്റെ ഗുരു തിരുവനന്തപുരം കോ- ഓര്‍ഡിനേറ്റര്‍മായ ബിന്ദു പ്രദീപ്, സൗമ്യ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.