ടിക്കറ്റ് തട്ടിപ്പു കേസിലെ പ്രതിയിൽനിന്നു കൈക്കൂലി : ആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസ്
1495412
Wednesday, January 15, 2025 6:47 AM IST
തിരുവനന്തപുരം: ട്രെയിൻ റിസർവേഷൻ തട്ടിപ്പു കേസിലെ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയിൽനിന്നു കൈക്കൂലി വാങ്ങിയ സംഭവത്തിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്തു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആർപിഎഫ് ഉദ്യോഗസ്ഥരുടെ അഴിമതിയിൽ സംസ്ഥാന വിജിലൻസ് കേസെടുക്കുന്നത് ആദ്യമാണ്. സാധാരണ സിബിഐയോ കേന്ദ്ര അഴിമതിനിരോധന ഏജൻസികളോ ആണ് ഇത്തരം ആരോപണങ്ങൾ അന്വേഷിക്കുക.
ആർപിഎഫ് എഎസ്ഐ വിപിൻ, കോണ്‍സ്റ്റബിൾ പ്രവീണ്‍ രാജ് എന്നിവർക്കെതിരേയാണു കേസെടുത്തത്. ദക്ഷിണ മേഖല വിജിലൻസ് യൂണിറ്റ് നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പ്രതിയെക്കൊണ്ട് എച്ച്ഡിഎഫ്സി ബാങ്കിന്റെ തൈക്കാട് എടിഎം കൗണ്ടറിൽനിന്ന് 4,000 രൂപ ആർപിഎഫ് ഉദ്യോഗസ്ഥർ എടുപ്പിച്ചതായി കണ്ടെത്തി. തുടർന്നാണ് ആർപിഎഫുകാർക്കെതിരേ കേസെടുക്കാൻ തീരുമാനിച്ചത്.
ടിക്കറ്റ് കരിഞ്ചന്തയുമായി ബന്ധപ്പെട്ടു കഴിഞ്ഞ നവംബർ 21നു തിരുവനന്തപുരം ആർപിഎഫ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയായ ജുയെൽ ദാസിനെ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായപ്പോൾ ജൂയൈൽ ദാസിന്റെ കൈവശമുള്ള മൊബൈൽ ഫോണ്‍, എടിഎം കാർഡ്, 1,280 രൂപ തുടങ്ങിയവ ആർപിഎഫ് പിടിച്ചെടുത്തിരുന്നു.