ലയോള കോളജിനു സ്വയംഭരണപദവി : പ്രഖ്യാപനം വെള്ളിയാഴ്ച
1495398
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: ശ്രീകാര്യം ലയോള കോളജിനു സ്വയംഭരണ പദവി ലഭിച്ചതിന്റെ ഔദ്യോഗിക വിളംബരവും അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രഖ്യാപനവും വെള്ളിയാഴ്ച കോളജ് കാന്പസിൽ നടക്കും.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ന്യൂഡൽഹി ബിഎംഎൽ മുഞ്ജാൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ശ്യാം ബി. മേനോൻ മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയായിരിക്കും.
ലയോള സ്ഥാപനങ്ങളുടെ മാനേജറും റെക്ടറുമായ ഫാ. സണ്ണി കുന്നപള്ളിൽ എസ്ജെ, കേരള സർവകലാശാല സിൻഡിക്കറ്റ് മെംബർ ഡോ. നസീബ്, രജിസ്ട്രാർ പ്രഫ. കെ.എസ്. അനിൽകുമാർ, ജസ്യൂട്ട് ഹയർ എഡ്യൂക്കേഷൻ കേരള കോർഡിനേറ്റർ റവ. ഡോ. ബിനോയ് ജേക്കബ് എസ്ജെ, ജെസ്യൂട്ട് സ്ഥാപനങ്ങളുടെ പ്രതിനിധികളായ റവ. ഡോ. ജോ അരുണ്‍ എസ്ജെ, റവ. ഡോ. പ്രവീണ്‍ മാർട്ടിസ് എസ്ജെ,
ഡോ. പരംജ്യോത് സിംഗ്, പ്രിൻസിപ്പൽ റവ. ഡോ. സാബു പി. തോമസ് എസ്ജെ എന്നിവരും പങ്കെടുക്കും. ബിരുദാനന്തര ബിരുദങ്ങൾക്കും ഗവേഷണ ബിരുദങ്ങൾക്കും പുറമെ അടുത്ത അധ്യയനവർഷം മുതൽ ലയോള കോളജ് ആറു നാലുവർഷ ബിരുദ പ്രോഗ്രാമുകളും ആരംഭിക്കും.
ബികോം ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ബികോം ഫിൻടെക് ആൻഡ് എഐ, ബികോം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിഎസ്സി സൈക്കോളജി, ബിഎസ്സി. ഡേറ്റാ സയൻസ്, ബിഎസ്ഡബ്ല്യൂ എന്നിവയാണ് പുതുതായി തുടങ്ങുന്ന നാലുവർഷ ബിരുദങ്ങൾ.
ഉന്നത വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകുന്ന റോമൻ കത്തോലിക്കാ സന്യാസ സഭയായ ഇശോസഭയുടെ അന്താരാഷ്ട്രപ്രശസ്തമായ 205 വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന കലാലയമാണ് തിരുവനന്തപുരത്ത് സ്ഥാപിതമായ ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്.
1963ൽ സ്ഥാപിതമായ കോളജ് സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയിലും സാമൂഹിക പ്രവർത്തന മേഖലയിലും അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന്റെ 62 വർഷങ്ങൾ പൂർത്തിയാക്കി. നാക്ക് അക്രഡിറ്റേഷനിൽ നാലു സൈക്കിളുകളിലും സ്ഥിരമായി ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.