മേല്‍പ്പാലം നിര്‍മാണം : ഈഞ്ചക്കല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
1495405
Wednesday, January 15, 2025 6:37 AM IST
തിരുവനന്തപുരം: മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കല്‍ ജംഗ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഇന്ന് മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരുന്നതുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായി അസിസ്റ്റൻഡ് കമ്മീഷണർ അറിയിച്ചു.
നഗരത്തില്‍ പ്രവേശിക്കുന്നതിന് ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന നിശ്ചിതസമയങ്ങള്‍ ഒഴികെയുള്ള സമയങ്ങളില്‍ കിള്ളിപ്പാലം ഭാഗത്തു നിന്നും ഈഞ്ചക്കല്‍ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ അട്ടക്കുളങ്ങര ഭാഗത്തു നിന്നും തിരിഞ്ഞ് സ്റ്റാച്യു വിജെടി പാറ്റൂര്‍ ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും ഈഞ്ചക്കല്‍ വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന ഹെവിവാഹനങ്ങള്‍ തിരുവല്ലം അമ്പലത്തറ അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്.
കിള്ളിപ്പാലം പവര്‍ഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചക്കല്‍ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ ചൂരക്കാട്ടു പാളയം തമ്പാനൂര്‍ പനവിള ആശാന് സ്ക്വയര്‍ പാറ്റൂര്‍ ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം ഉപ്പിടാമൂട് പേട്ട ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
ചാക്ക ഭാഗത്തു നിന്നും ഈഞ്ചക്കല്‍ ജംഗ്ഷന് വഴി അട്ടക്കുളങ്ങര ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ ചാക്ക പേട്ട പാളയം വഴി പോകേണ്ടതാണ്.
ചാക്ക ഭാഗത്തു നിന്നും കോട്ടയ്ക്കം ഭാഗത്തേക്കും, അട്ടക്കുളങ്ങര ഭാഗത്തേക്കും പോകുന്ന കാര്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ പരാമാവധി ഈഞ്ചക്കല്‍ ജംഗ്ഷന് ഒഴിവാക്കി പേട്ട വഞ്ചിയൂര്‍ ഉപ്പിടാമൂട് കിഴക്കേകോട്ട വഴി പോകേണ്ടതാണ്.
അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാര്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ പരാമാവധി ഈഞ്ചക്കല്‍ ജംഗ്ഷന് ഒഴിവാക്കി വാഴപ്പള്ളി ശ്രീകണ്ഠേശ്വരം ഉപ്പിടാമൂട് നാലുമുക്ക് പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തു നിന്നും മുട്ടത്തറ ഭാഗത്തേക്കു് പോകുന്ന ചെറിയ വാഹനങ്ങള്‍ മണക്കാട് കല്ലുമൂട് വഴിയോ മണക്കാട് കമലേശ്വരം വഴിയോ പോകേണ്ടതാണ്.