വെള്ളനാട് പഞ്ചായത്തിൽ തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തുന്നു
1495165
Tuesday, January 14, 2025 6:34 AM IST
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തുന്നത് വ്യാപകമായി. ഇതിനെതിരെ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സ്വമേധയാ നടപടിയെടുക്കേണ്ട അധികൃതർ പരാതികൾ ലഭിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.
ഭൂമി തരംമാറ്റാനുള്ള നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്താണ് പലരും നിലം നികത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഉറിയാക്കോട് ജംഗ്ഷന് സമീപമുള്ള ഒരു തോടിന്റെ ഉറവ പൂർണമായും മണ്ണിട്ട് നികത്തിയ അവസ്ഥയിലാണെന്നും നൂറ് കണക്കിന് ലോഡ് മണ്ണ് കൊണ്ടുവന്നാണ് ഉറവയടച്ച് നിലം നികത്തിയതെന്നും പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയ പ്രവർത്തകർ പറഞ്ഞു. വെള്ളനാട് വാളിയറയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് നിലം നികത്തിയ സംഭവവുമുണ്ടായി.
ഇവിടെ ഒട്ടേറെ ലോഡ് മണ്ണിട്ട് നിലം നികത്തിയതായി നാട്ടുകാർ പറഞ്ഞു. മണ്ണിട്ടതിനെ തുടർന്ന് വെള്ളം ഒഴുകുന്ന നീർച്ചാലുകൾ ഉൾപ്പെടെ അടഞ്ഞെന്നും സമീപത്തെ വസ്തുക്കളിൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സമീപത്തെ വസ്തു ഉടമയും കർഷകരും ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
തുടർന്ന് സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ ഇവിടെ മണ്ണിട്ട് നികത്തുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷം നിലം നികത്തലിന് സ്റ്റോപ് മെമ്മോ നൽകി.
പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിൽ വെള്ളനാട് പഞ്ചായത്തിൽ വർധിച്ചു വരുന്ന നിലം നികത്തലും കുന്നിടിക്കലും അടിയന്തിരമായി തടയണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു .