കൊട്ടിയത്ത് 110കെവി സബ്സ്റ്റേഷനിൽ തീപിടിത്തം
1495408
Wednesday, January 15, 2025 6:47 AM IST
കൊട്ടിയം: വൈദ്യുതി ബോർഡിന്റെ കൊട്ടിയത്തുള്ള 110 കെവി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായി. സബ്സ്റ്റേഷൻ വളപ്പിൽ വളർന്നു നിന്ന പുല്ലുകൾക്കാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ കേബിളുകൾ കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സബ്സ്റ്റേഷൻ വളപ്പിൽ നിന്ന് കറുത്ത പുകയും തീയും ഉയർന്നതാണ് പരിഭ്രാന്തി ഉണ്ടാക്കിയത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സബ്സ്റ്റേഷന് പുറകിലെ ഗേറ്റിനടുത്ത് നിന്നാണ് തീ പിടിത്തം ഉണ്ടായത്. സബ്സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾ വലിച്ചുകൊണ്ടു പോകാനായി മണ്ണിനടിയിൽ കുഴിച്ചിടുന്ന കേബിളാണ് കത്തി നശിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഏറെനേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.