നെടുമങ്ങാടിന് അഭിമാനം: റവന്യൂ ടവർ തുറന്നു
1450830
Thursday, September 5, 2024 6:45 AM IST
നെടുമങ്ങാട്: നെടുമങ്ങാടിന് അഭിമാനമായി പുതിയ റവന്യൂ ടവർ തുറന്നു. നെടുങ്ങാട് മണ്ഡലത്തിലെ നിയമസഭാംഗവും മന്ത്രിയുമായ ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർ വഹിച്ചു. ഭൂപരിഷ്കരണം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയം നൽകിയത് ഒന്നാം പിണറായി വിജയൻ സർക്കാരാണെന്ന് റവന്യൂമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ 32 പേർക്ക് പട്ടയവും വിതരണം ചെയ്തു. 2021 ൽ തുടങ്ങിയ റവന്യൂ ടവറിൻ്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കിയ ബന്ധപ്പെട്ട എല്ലാവരേയും മന്ത്രിമാർ അനുമോദിച്ചു. സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായാണ് റവന്യൂ ടവർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 9.75 കോടി രൂപ ചെലവിട്ടാണ് ഇത് പണി പൂർത്തീകരിച്ചത്.
നെടുങ്ങാട് റവന്യൂ ഡിവിഷണൽ ഓഫിസ് ( ആർ ഡി ഒ ), നെടുമങ്ങാട് താലൂക്ക് ഓഫിസ് എന്നീ ഓഫിസുകൾക്കായാണ് പ്രധാനമായും റവന്യൂ ടവർ നിർമിച്ചിട്ടുള്ളത്. 540 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള നാലുനിലകളിലായാണ് ടവർ രൂപകല്പന ചെയ്തിരിക്കുന്നത്. ജി. സ്റ്റീഫൻ എംഎൽഎ പരിപാടിയിൽ അതിഥിയായി പങ്കെടുത്തു.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, എഡിഎം ടി.കെ. വിനീത്, കച്ചേരി വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടർ അനുകുമാരി സ്വാഗതം പറഞ്ഞു.