കാൻവാസിൽ സംഘർഷം പടരുന്പോൾ...
1445004
Thursday, August 15, 2024 6:46 AM IST
തിരുവനന്തപുരം: മൃഗീയ തൃഷ് ണയോടെ പ്രകൃതിയുടെ ഹൃദയരക്തം വരെ വലിച്ചൂറ്റുന്ന മനുഷ്യർ, സർവംസഹയായ ഭൂമിയുടെ സംഹാരതാണ്ഡവങ്ങൾ, യുദ്ധക്കെടുതികൾ.
സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പ്രതലങ്ങളിൽ വരെ കലികാലത്തിന്റെ കറുത്ത നിഴലുകളുടെ ഉന്മാദനൃത്തം. വർത്തമാനകാലത്തിന്റെ ഈ തടവറയിൽ നിന്നും ഓടി രക്ഷപ്പെടുവാൻ വെന്പുന്ന ചിത്രകാരന്റെ പിടപ്പുകൾക്കു പോലും രൗദ്രതാളം. പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തന്റെ "സംഘർഷം' എന്ന ചിത്രപ്രദർശനം പുതിയ കാലത്തിന്റെ മുറിവുകളിൽ നിന്നും ഉൗറുന്ന രക്തചിന്തുകളായി മാറുന്നു. വൈലോപ്പിള്ളി സാംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മുൻ ഡയറക്ടർ കെ.വി. മോഹൻകുമാർ സംഘർഷം ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
വർഷങ്ങൾക്കുമുന്പ് കെട്ടകാലത്തിന്റെ ഭീകര മുഖങ്ങളെ കറുത്ത വർണത്തിലാവാഹിച്ച് ബി.ഡി. ദത്തൻ വരച്ച കലി പരന്പരയുടെ തുടർച്ച പോലെ സംഘർഷവും കാഴ്ചക്കാരെ സത്യത്തിനുനേരേ നിർത്തുന്നു. കലിബാധയെ തുടച്ചു മാറ്റി പുതിയ വർണങ്ങൾ കൊണ്ട് കാൻവാസുകളെ നിറയ്ക്കുവാൻ താൻ ശ്രമിച്ചുവെങ്കിലും കെട്ട കാലത്തിന്റെ കാണാച്ചങ്ങലകളിൽനിന്നും മോചിതനാകുവാൻ കഴിയുന്നില്ലെന്നു ബി.ഡി. ദത്തൻ. ഉള്ളിന്റെ ഉള്ളിൽ കാലം അടിച്ചേൽപ്പിക്കുന്ന അശാന്തിയും സംഘർഷവും കാൻവാസിലേക്കു വാർന്നൊഴുകുകയായിരുന്നു. പേരും രൂപവും ലക്ഷ്യവും സന്ദേശവും വഴിമാറുന്നിടത്ത് സംഘർഷചിത്രങ്ങൾ ഉണരുന്നു.
അക്രിലിക് നിറം ഉപയോഗിച്ച് വരച്ച ഇരുപത് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഈ മാസം ഇരുപത്തൊന്നു വരെ പ്രദർശനം തുടരും. രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം ഏഴു വരെയാണ് സമയം.
ഉദ്ഘാടന ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ, സൂര്യകൃഷ്ണ മൂർത്തി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. ആർട്ടിസ്റ്റ് അജയകുമാർ അധ്യക്ഷത വഹിച്ചു.
കലാനിരൂപകൻ സി.ഇ. സുനിൽ ആശംസ നേർന്നു പ്രസംഗിച്ചു. ബി.ഡി. ദത്തൻ സ്വാഗതം പറഞ്ഞു.
സ്വന്തം ലേഖിക