കരകുളം പഞ്ചായത്തിൽ പുതിയ ബസ് റൂട്ടുകൾ അനുവദിച്ചു: മന്ത്രി ജി.ആർ. അനിൽ
1443988
Sunday, August 11, 2024 6:46 AM IST
നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകളിൽ കൂടി ബസ് റൂട്ട് അനുവദിച്ചതായി മന്ത്രി ജി.ആർ. അനിൽ. മുല്ലശേരി-പേഴുംമൂട്-കിഴക്കേകോട്ട, പേരൂർക്കട-വേങ്കോട്-കിഴക്കേകോട്ട എന്നീ റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
മുല്ലശേരി-വേങ്കോട്-കിഴക്കേകോട്ട റൂട്ടിൽ രാവിലെ 8.05 ന് പേരൂർക്കടയിൽ നിന്നും സർവീസ് ആരംഭിച്ച് മുല്ലശേരി-നമ്പാട്-പേഴുംമൂട്-വട്ടപ്പാറ-മണ്ണന്തല-പട്ടം വഴി കിഴക്കേകോട്ട അവസാനിക്കുന്നു. തിരികെ 09.50 ന് കിഴക്കേകോട്ടയിൽ നിന്നും ഇതേ റൂട്ടിൽ പേരൂർക്കട വഴി 11.40 ന് കിഴക്കേകോട്ട എത്തിച്ചേരും.
11.50 നും ഉച്ചക്ക് 2.40 നും കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-കണക്കോട് റൂട്ടിലും സർവീസ് നടത്തുന്നു. വൈകുന്നേരം 5.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-പേഴുംമൂട്-മുല്ലശ്ശേരി-പേരൂർക്കട വഴി കിഴക്കേകോട്ടയിലേയ്ക്കും തിരികെ 7.20 ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-മുക്കോല-കുടപ്പനക്കുന്ന് വഴി പേരൂർക്കടയും എത്തിച്ചേരുന്നു.
രാവിലെ 06.10 തുടങ്ങുന്ന രണ്ടാമത്തെ ബസ് പേരൂർക്കട-വേങ്കോട്-കിഴക്കേകോട്ട റൂട്ടിലാണ് സർവീസ് നടത്തുന്നത്. കരകുളം പഞ്ചായത്തിനേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയേയും ബന്ധപ്പെടുത്തി 11 സർവീസുകളാണ് ദിനംപ്രതി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
കരകുളം, മുല്ലശേരി, വേങ്കോട്, മുളമുക്ക് എന്നീ പ്രദേശങ്ങളിലെ യാത്രക്ലേശത്തിന് പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.