പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള രൂപരേഖ ആക്ട്സ് തയാറാക്കും
1441897
Sunday, August 4, 2024 6:08 AM IST
തിരുവനന്തപുരം: പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള നിർദേശങ്ങൾ അടങ്ങുന്ന രൂപരേഖ തയാറാക്കുവാൻ തിരുവനന്തപുരത്ത് ആക്ട്സ് നടത്തിയ സർവമതപ്രാർഥനയിൽ പങ്കെടുത്തവരുടെ യോഗം തീരുമാനിച്ചു.
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ള വിദഗ്ധരുടെയും ലോകമെന്പാടുമുള്ള മലയാളി സഹോദരങ്ങളുടെയും സഹകരണത്തോടെ ഈ രൂപരേഖ തയ്യാറാക്കും.
ഈ മാസം 30ന് സുൽത്താൻബത്തേരിയിലെ ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഈ രൂപരേഖ നാടിന് സമർപ്പിക്കും.സുൽത്താൻബത്തേരി ബിഷപ് ജോസഫ് മാർ തോമസ് ചെയർമാനായുള്ള സംഘാടകസമിതിക്കു രൂപം നൽകിയതായി ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.
സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ പങ്കെടുക്കും. ആക്ട്സിന്റെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി യൂത്ത് ഓഡിറ്റോറിയത്തിൽ വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ നേതാക്കൾ ഒത്തുചേർന്ന പ്രാർഥനാസംഗമം പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി ഉദ്ഘാടനം ചെയ്തു.
പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ബിലീവിയേഴ്സ് ഈസ്റ്റേണ്‍ ചർച്ച് ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ് , സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം എന്നിവർ സർവമതപ്രാർഥനയ്ക്കു നേതൃത്വം നൽകി.
ഡോ. എം.ജി. ശശിഭൂഷണ്‍, റവ.ഡോ.ജയരാജ് , ഷെവ. കോശി എം. ജോർജ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സാജൻ വേളൂർ, ഡെന്നിസ് ജേക്കബ്, പാസ്റ്റർ. അഭിലാഷ് ഏബ്രഹാം, ഫാ. ജോസ് കരിക്കം എന്നിവർ പ്രസംഗിച്ചു.