മണക്കാട്-കല്ലാട്ടുമുക്ക് റോഡിൽ വെള്ളക്കെട്ട്
1441896
Sunday, August 4, 2024 6:08 AM IST
പേരൂര്‍ക്കട: മണക്കാട്-കല്ലാട്ടുമുക്ക് റോഡിനു കുറുകെയുള്ള ഇടറോഡ് വെള്ളക്കെട്ടില്‍ നിറഞ്ഞു. 300 മീറ്ററോളം വരുന്ന വീതികുറഞ്ഞ റോഡാണ് വെള്ളക്കെട്ടായി സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്.
റോഡിന്റെ വശത്ത് ഓട നിര്‍മിച്ചിട്ടുണ്ടെങ്കിലും അതും നിറഞ്ഞ് കവിഞ്ഞാണ് റോഡിലേക്ക് വെള്ളം കയറുന്നത്. ആഴ്ചകളായി റോഡില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ തകര്‍ന്ന റോഡില്‍ ഇളകിക്കിടക്കുന്ന മെറ്റലുകള്‍ വരെ പായല്‍ കയറിയ അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങള്‍ ഇതുവഴി സൂക്ഷിച്ചു കടന്നുപോയില്ലെങ്കില്‍ റോഡിലെ പായലിൽ തെന്നിവീഴുമെന്നത് ഉറപ്പാണ്.
റോഡിലെ വെള്ളക്കെട്ടുമൂലം പ്രദേശവാസികൾ ബുരിതത്തിലായിരിക്കുകയാണ്. റോഡിനു സമീപത്ത് താമസിക്കുന്നവർക്ക് പ്രധാന റോഡിലേക്ക് എത്തിപ്പെടാൻ ബുദ്ധുമുട്ടെന്നും പരാതി ഉയരുന്നു. റോഡിലെ പായലിൽ തെന്നി വീണ് പലർക്കും അപകടങ്ങൾ പറ്റിയതായും നാട്ടുകാർ ആരോപിക്കുന്നു.
ബന്ധപ്പെട്ട അധികാരികള്‍ റോഡിനെ അവഗണിച്ചതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മഴ ശക്തമായാൽ പ്രദേശത്ത് വീണ്ടും കൂടുതൽ വെള്ളക്കെട്ട് രൂപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.