പിതൃപുണ്യം തേടി...
1441890
Sunday, August 4, 2024 5:58 AM IST
നെയ്യാറ്റിന്‍കര : പൂര്‍വസൂരികളായ ആത്മാക്കള്‍ക്ക് നിത്യശാന്തിയേകണേ എന്ന പ്രാര്‍ഥനയോടെ നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ സ്നാനഘട്ടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പിതൃതര്‍പ്പണം നടത്തി.
അരുവിപ്പുറത്തെ കടവില്‍ ഒരേ സമയം അഞ്ഞൂറു പേര്‍ക്ക് പിതൃതര്‍പ്പണം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ശ്രീനാരായണഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് പതിവുപോലെ ഇക്കുറിയും നിരവധി പേര് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തി.
ചെങ്കല്‍ ശ്രീമഹാദേവ ക്ഷേത്രം, രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം, പാലയ്ക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പുതിച്ചൽ ശ്രീ അയണിഊട്ടു തമ്പുരാന് ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ കര്‍ക്കടക വാവുബലി പ്രമാണിച്ച് നിരവധി പേര് പിതൃതര്‍പ്പണം നടത്തി.
നെടുമങ്ങാട് : അരുവിക്കര ഡാം സൈറ്റിൽ നൂറ് കണക്കിനാളുകൾ ബലിതർപ്പണം നടത്തി . പുലർച്ചെ നാലു മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഡാമിന് സമീപമുള്ള ബലിമണ്ഡപം, പഴയപോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക് ഡാം എന്നിവിടങ്ങളിൽ ചടങ്ങുകൾ നടത്തി.
വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പുലർച്ചെ മുതൽ സർവീസ് നടത്തി.
നേമം: കർക്കിടകവാവുബലിക്ക് നേമത്തെ വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. കരമനയാറിന്റെയും വെള്ളായണി കായൽ തീരത്തിലെയും ക്ഷേത്രങ്ങളിൽ വൻ തിരക്കായിരുന്നു. പുലർച്ചെ മൂന്ന് മുതൽ പല ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടന്നു.
പലയിടത്തും ബലിതർപ്പണം നടത്തുന്നതിന് ആളുകളുടെ നീണ്ട ക്യൂവായിരുന്നു. കൈമനം മഹാവിഷ്ണക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വെള്ളായണിശിവോദയം ക്ഷേത്രം, വെള്ളായണി ഊക്കോട് ചെറുബാല മന്ദം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം ബലിതർപ്പണ ചടങ്ങുകൾ നടന്നു.
വിഴിഞ്ഞം : പുണ്യാത്മാക്കളുടെ മോക്ഷ പ്രാപ്തിക്കായി ബലിതർപ്പണം നടത്താൻ വിഴിഞ്ഞം കടൽക്കരയിൽ ആയിരങ്ങൾ എത്തി. തീരദേശപോലീസും , മറൈൻ എൻഫോഴ്സ്മെന്റും പോലീസും, ലൈഫ് ഗാർഡുകളും സുരക്ഷ യൊരുക്കി.