മാറനല്ലൂർ അരുവിക്കര ടൂറിസം പദ്ധതി: പ്രഖ്യാപനത്തിലൊതുങ്ങിയിട്ട് അഞ്ച് വർഷം
1441887
Sunday, August 4, 2024 5:58 AM IST
കാട്ടാക്കട: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നെയ്യാറിലെ മാറനല്ലൂർ അരുവിക്കരയോട് അധിക്യതർക്ക് അവഗണന. അരുവിക്കരയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന് പ്രദേശത്തെ വിവിധ സംഘടനകളുടേയും, നാട്ടുകാരുടേയും ആവശ്യത്തെ തുടർന്ന് ജന പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് വിവിധ പദ്ധതികളെ കുറിച്ച് ആലോചനായോഗം നടത്തിയിട്ട് വർഷം അഞ്ച് പിന്നിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
അരുവിക്കരയ്ക്ക് സമീപ പ്രദേശമായ നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽപ്പെടുന്ന ഈരാറ്റിൻപുറത്ത് ടൂറിസം പദ്ധതി യാഥാർഥ്യമായപ്പോൾ അരുവിക്കരയ്ക്കും പ്രാധാന്യമേറിയിരുന്നു. ഇത് കണക്കിലെടുത്താണ് തൊട്ടടുത്ത് പ്രദേശമായ മാറനല്ലൂർ പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമായ അരുവിക്കരയും പരിഗണിക്കുമെന്നും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ജന പ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പ് കൊടുത്തിരുന്നത്. മാറനല്ലൂർ പഞ്ചായത്തിലെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് അരുവിക്കരയിലാണ്.
നെയ്യാറിൽ ബോട്ട് സർവീസും നടത്താൻ ഇതുവഴി സന്ദർശകർക്കാവുന്നു. കുട്ടവഞ്ചിയിലുള്ള യാത്രയാണ് ഇവിടെയെത്തുന്നവരെ ഏറ്റവുമധികം ആകർഷിക്കുന്നത്.