പിതൃപുണ്യം തേടി ആയിരങ്ങൾ ബലി തർപ്പണം നടത്തി
1441881
Sunday, August 4, 2024 5:58 AM IST
തിരുവനന്തപുരം: കർക്കിടകവാവിൽ പിതൃതർപ്പണം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. തലസ്ഥാനത്തു തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിപ്പുറം തുടങ്ങി പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇന്നലെ വലിയ തിരക്കാണു അനുഭവപ്പെട്ടത്.
തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. വൻ ഭക്തജനത്തിരക്കാണു അനുഭവപ്പെട്ടത്. ഒൻപതു ബലി മണ്ഡപങ്ങളിലായി ഒരു സമയം 3500 പേർക്കു ബലിയിടാനുള്ള സൗകര്യങ്ങൾ തിരുവല്ലത്ത് ഒരുക്കിയിരുന്നു.
വർക്കല പാപനാശം തീരത്ത് ആയിരങ്ങൾ ബലിയർപ്പിച്ചു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം ശിവഗിരി മഠം, അരുവിപ്പുറം, വർക്കല പാപനാശം, ശംഖുമുഖം കടപ്പുറം, കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, തൃക്കണ്ണാപുരം എൻഎസ്എസ് കരയോഗത്തിന്റെ കീഴിലുള്ള അയ്യപ്പതാവള ക്ഷേത്രം,
വെള്ളായണി ഊക്കോട് ചെറുബാലമന്ദം ശിവക്ഷേത്രം, വെള്ളായണി കായൽക്കരയിൽ തൃക്കുളങ്ങളര മഹാവിഷ്ണു ക്ഷേത്രം, വേവിള മഹാവിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തിൽ ശിവക്ഷേത്രം, നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം, അമൃതാനന്ദമയി മഠം,
കരമന കാഞ്ചിമാടൻ ക്ഷേത്രം, കരമന ഗണപതി ക്ഷേത്രം, ഇടഗ്രാമം ബാലഗണപതി ക്ഷേത്രം, തളിയൽ മഹാദേവ ക്ഷേത്ര കടവ്, കുളത്തറ ചെറുപഴഞ്ഞി ക്ഷേത്രക്കടവ്, അന്പലമുക്ക് എൻസിസി റോഡ് ഉളിയനാട് ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ്, തിരുമല കുണ്ട മണ്ഭാഗം ദേവീ ക്ഷേത്രം, ചെന്പഴന്തി ശ്രീനാരായണ ഗുരുകുലം, പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.