സ്വപ്നസാഫല്യം പോലെ ഒരു ജീവിതം
1441665
Saturday, August 3, 2024 6:45 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: അറിവിൽ കൈലാസം പോലെ ഉയർന്ന് നില്ക്കുന്പോഴും ഏറ്റവും വിനയാന്വിതനായി തികച്ചും ഒരു സാധാരണക്കാരനെ പോലെ നമുക്കിടയിൽ ജീവിച്ച മഹാപണ്ഡിതൻ. അതായിരുന്നു പ്രഫ. സി.ജി. രാജഗോപാൽ. നാലു ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന പ്രതിഭാശാലി. ചരിത്രം തിരുത്തിയ വിവർത്തകൻ, കവി, പ്രഭാഷകൻ, ഉത്തമ അധ്യാപകൻ അങ്ങനെ വിശേഷണങ്ങൾ ഏറെ ഉണ്ട് പ്രഫ. സി.ജി. രാജഗോപാലിന്.
എന്നാൽ എല്ലാ പരിവേഷങ്ങളും മാറ്റിവച്ച് ഒരു സാധാരണ ആസ്വാദകനെ പോലെ കളിയരങ്ങുകളിൽ സി.ജി. രാജഗോപാലിനെ എന്നും കാണാമായിരുന്നു. അരനൂറ്റാണ്ടിലേറെ ദൃശ്യവേദി എന്ന കഥകളി സംഘടനയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.
1972-ൽ തുടക്കം കുറിച്ച ദൃശ്യവേദിയുടെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം ഇന്നലെ യാത്രയാകും വരെയും പ്രസിഡന്റായി നിലനിന്നു. അരനൂറ്റാണ്ടിലേറെക്കാലം കഥകളി സംഘടനയുടെ അമരക്കാരനായി തുടരുക. ചരിത്രം കുറിച്ച സാരഥ്യമാണത്.
ദൃശ്യവേദിയിലൂടെ കേരളത്തിന്റെ കഥകളിയുടെ വളർച്ചയ്ക്കു വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. ദൃശ്യവേദി സെക്രട്ടറിയും മുൻ കളക്ടറുമായ എസ്. ശ്രീനിവാസനൊപ്പം ദൃശ്യവേദിയെ വേറിട്ട സംഘടനയാക്കി മാറ്റി.
കഴിഞ്ഞ 52 വർഷക്കാലമായി മുടങ്ങാതെ എല്ലാ മാസവും ഉന്നതനിലവാരമുള്ള കഥകളി അവതരിപ്പിക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 35 വർഷങ്ങളായി അഞ്ചോ ആറോ ദിവസങ്ങൾ നീളുന്ന കേരള നാട്യോത്സവം എന്ന കഥകളി മേള സംഘടിപ്പിച്ചതും ശ്രദ്ധേയം. മാർഗിയുടെ ഭരണസമിതി അംഗം എന്ന നിലയിൽ മാർഗിയിലൂടെയും കഥകളിയുടെയും കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയ തനതുകലകളുടെയും ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു.
ഇവിടെയെല്ലാം പദവികൾക്കും കലാപരിപോഷണത്തിനുമപ്പുറം ഒരു സ്നേഹതലോടൽ ആയിരുന്നു സി.ജി. രാജഗോപാൽ. കാർത്തിക തിരുനാൾ തീയറ്ററും തീർഥപാദ മണ്ഡപവും ഉൾപ്പെടെയുള്ള കളിയരങ്ങുകളിൽ കളിവിളക്കു തെളിയുന്പോൾ മുന്നിൽ ആദ്യാവസാനം സി.ജി. രാജഗോപാൽ ഉണ്ടാകും.
കഥകളി കലാകാരോടും കൂടിയാട്ടം കലാകാരോടുമൊക്കെ നിറഞ്ഞ സ്നേഹവാത്സല്യമായിരുന്നു സി.ജി. രാജഗോപാലിന്. കാർത്തിക തിരനാൾ തീയറ്ററിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന കഥകളി കാണുവാനും അദ്ദേഹം എത്തിയിരുന്നു. അനാരോഗ്യം കാരണം രണ്ടുപേർ പിടിച്ചാണ് കൊണ്ടുവന്നതെങ്കിലും കളിത്തട്ടിൽ നളചരിതം മുന്നാം ദിവസം അരങ്ങേറിയപ്പോൾ അദ്ദേഹം പഴയ ആസ്വാദകനായി മാറി.
പ്രശസ്ത കൂടിയാട്ട കലാകാരി മാർഗി ഉഷയോട് അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞത്. കഥകളി പോലെ കൂടിയാട്ടത്തേയും ഉയർത്തിക്കൊണ്ടുവരുന്നതിനെ കുറിച്ചായിരുന്നു.
ശാന്തനും സൗമ്യനുമായ ഈ അധ്യാപകൻ പ്രഭാഷണവേദികളിൽ നില്ക്കുന്പോൾ ഒരു ഗിരശൃംഗമായി ഉയരുന്നത് കാണാം. ആരോഗ്യം അനുവദിച്ചകാലം വരെയും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയിരുന്നു. സൂര്യാവേദിയിൽ രാമായണത്തെ കുറിച്ച് സി.ജി. രാജഗോപാൽ നടത്തിയ പ്രഭാഷണ പരന്പര ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഗോസ്വാമി തുളസിദാസിന്റെ ശ്രീരാമചരിത മാനസം എന്ന മഹാഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്തതിലൂടെ കേരളത്തിന്റെ പരിഭാഷ രംഗത്ത് തന്നെ ചരിത്രം കുറിച്ചു. അഞ്ചുവർഷം നീണ്ട ഒരു തപസ്സായിരുന്നു ഈ വിവർത്തനം. ഒരു സ്വപ്ന ദർശനമാണ് പ്രഫ. സി.ജി. രാജഗോപാലിനെ തുളസിദാസ രാമായണ പരിഭാഷയിലേക്കു നയിച്ചത്.
അക്കഥ അദ്ദേഹം തന്നെ വേദികളിൽ പറഞ്ഞിട്ടുണ്ട്. ആകാശവാണിയിൽ നടനും നാടകകൃത്തും കൈനിക്കര കുമാരപിള്ള ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന കാലത്ത് അന്ന് തിരുവനന്തപുരത്തെ ആർട്സ് കോളജിൽ ഹിന്ദി അധ്യാപകനായിരുന്നു രാജഗോപാൽ.
അക്കാലത്ത് രാമചരിതമാനസത്തിലെ ചില പദ്യഭാഗങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. ഈ വിവർത്തനം കണ്ട കൈനിക്കര, രാജഗോപാലിനോട് രാമചരിത മാനസം പൂർണമായും പരിഭാഷപ്പെടുത്തുവാൻ പറഞ്ഞു. അക്കാലത്ത് ഇരുന്നൂറു വരി വിവർത്തനം ചെയ്തുവെങ്കിലും പിന്നീട് അത് നിലച്ചു പോയി. ഈ സംഭവം നടന്ന് 50 വർഷത്തിനു ശേഷവും കൈനിക്കര കുമാരപിള്ള അന്തരിച്ചിട്ട് 22 വർഷവും ആയപ്പോൾ ഒരു രാത്രി തന്റെ സ്വപ്നത്തിൽ കുമാരപിള്ള സാർ വന്നുവെന്ന് സി.ജി. രാജഗോപാൽ പറഞ്ഞിട്ടുണ്ട്.
നല്ല ഉയരമുള്ള സാർ കുടയും നിലത്തൂന്നി തന്റെ മുന്നിൽ വന്ന് നിന്ന് രാമചരിത മാനസം പരിഭാഷ നടത്തിയോ? എന്നു ചോദിച്ചു. ഇല്ല എന്ന തന്റെ മറുപടി കേട്ട് ഉടനെ കർക്കശ സ്വരത്തിൽ ഉടനെ വിവർത്തനം ചെയ്യണം എന്ന് പറഞ്ഞു. 2010 ലെ ആ അർധരാത്രിയിൽ എഴുന്നേറ്റിരുന്ന് സി.ജി. രാജഗോപാൽ തർജമ ചെയ്തു തുടങ്ങി.
ശ്രീരാമചരിത മാനസത്തിന്റെ പദ്യ പരിഭാഷ അഞ്ചര വർഷം എടുത്താണ് പൂർത്തീകരിച്ചത്. കേക, കാകളി വൃത്തങ്ങളിലായി 26152 വരിയും 46 സംസ്കൃത ശ്ലോകങ്ങളുടെ പരാവർത്തനവും ഉൾപ്പെടുന്ന രാമായണ വിവർത്തനം പുറത്തു വന്നത് സി.ജി.യുടെ 83-ാമത്തെ വയസിലാണ്.
യുദ്ധക്കെടുതികളും അരാജകത്വവും നടമാടിയിരുന്ന ഒരു യുഗത്തെ നവീകരിക്കുവാൻ ഭക്തിയും ദർശനവും നിറച്ച് തുളസീദാസ് തീർത്ത രാമായണത്തെ പുതിയ കാലത്തിനു വേണ്ടി സി.ജി. രാജഗോപാൽ പുനർസൃഷ്ടിച്ചു.ഇപ്പോൾ ഇതാ രാമായണ മാസത്തിൽ തന്നെയാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നതും.