ദുരിതാശ്വാസം ഏറ്റവും വലിയ ആത്മീയ പ്രവർത്തനം : പാളയം ഇമാം
1441663
Saturday, August 3, 2024 6:45 AM IST
തിരുവനന്തപുരം: ശരീരികവും സാന്പത്തികവുമായി നിർവഹിക്കുന്ന ദുരിതാശ്വാസ പ്രവർത്തനമാണ് ദുരന്തഭൂമിയിലുള്ളവർക്ക് വേണ്ടി നാം നിർവഹിക്കുന്ന ഏറ്റവും വലിയ ആത്മീയ പ്രവർത്തനമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പ്രസ്താവിച്ചു.
ആശ്വസിപ്പിക്കാൻ വാക്കുകളില്ല. പ്രാർഥനയും ക്ഷമയും മാത്രമേ നമ്മുടെ മുന്പിലുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ മലയാളവേദി തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച സർവമത പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി. രവീന്ദ്രൻ ചിറയിൽ കീഴിന്റെ അധ്യക്ഷതയിൽ കണ്‍വീനർ സുനിത ബുഹാരി വയനാട് പ്രളയ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ലൂഥറൻ സഭ ബിഷപ് ഡോ. റോബിൻസൻ, സ്വാമി സദ്ഗുരു അനിൽ അനന്ത ചൈതന്യ എന്നിവർ സർവമത പ്രാർഥനക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വള്ളക്കടവ് ഷാഫി, സുരേഖ, ബദ്റൂനിസ പനച്ചമൂട്, അബ്ദുൾ റഷീദ്, നൂറിൽ ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.