കുടപ്പനക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി
1441658
Saturday, August 3, 2024 6:45 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് പെട്രോള്‍ പമ്പിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി. പേരൂര്‍ക്കടയില്‍ നിന്ന് കുടപ്പനക്കുന്നു വഴി മണ്ണന്തലയിലേക്ക് ജലമെത്തിക്കുന്ന 250 എംഎം പിവിസി ലൈനിലായിരുന്നു ചോര്‍ച്ച.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് വന്‍ ശബ്ദത്തില്‍ പൈപ്പ് പൊട്ടുകയായിരുന്നു. റോഡിന്റെ ടാര്‍ ഇളക്കിക്കൊണ്ടാണ് ജലം പുറത്തേക്ക് ഒഴുകിയത്. വിവരമറിഞ്ഞ് പേരൂര്‍ക്കട സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി വാല്‍വ് അടച്ച് അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് ആഴത്തില്‍ കുഴിച്ചാണ് പൈപ്പിന്റെ പണി ആരംഭിച്ചത്.
ഇതിനു സമീപത്തുകൂടി എസി പൈപ്പുകൂടി കടന്നുപോകുന്നതിനാല്‍ പണി ശ്രമകരമായിരുന്നു. കേടായ പൈപ്പ് മാറ്റി പുതിയ പൈപ്പ് വിളക്കിച്ചേര്‍ത്താണ് പണി പൂര്‍ത്തീകരിച്ചത്. പൈപ്പ് പൊട്ടിയതുമൂലം പേരൂര്‍ക്കട, കുടപ്പനക്കുന്ന്, ഇരപ്പുകുഴി, കല്ലയം തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെട്ടു. പൈപ്പ് പൊട്ടിയത് അറിയാത്തതിനാല്‍ നിരവധി പ്രദേശങ്ങളിലെ ജനങ്ങള്‍ മുന്‍കരുതല്‍ എടുത്തിരുന്നില്ല.
അറ്റകുറ്റപ്പണി വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് പൂര്‍ത്തീകരിച്ചത്. പൈപ്പിലെ അമിതമര്ദമാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണു സൂചന. പമ്പിംഗ് പുനരാരംഭിച്ചതോടെ രാത്രി 11ഓടെ എല്ലാ പ്രദേശത്തും ശുദ്ധജലവിതരണം സാധാരണ നിലയിലായതായി പേരൂര്‍ക്കട സെക്ഷന്‍ എഇ അറിയിച്ചു.