പിതൃസ്മരണയില്‍ വാവുബലി തര്‍പ്പണത്തിന് തുടക്കം
1441656
Saturday, August 3, 2024 6:26 AM IST
തിരുവനന്തപുരം: പിതൃസ്മരണയില്‍ വാവുബലി തര്‍പ്പണത്തിന് തുടക്കമായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മുതലാണ് മിക്കയിടങ്ങളിലും ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ക്കായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. വെള്ളിയാഴ്ച ’ഒരിക്കല്‍’ എടുത്ത് ആണ് ഇന്ന് ബലി അര്‍പ്പിക്കുന്നത്. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളായ ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശിവഗിരി മഠം, അരുവിപ്പുറം, വര്‍ക്കല പാപനാശം, ശംഖുമുഖം കടപ്പുറം, കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, തൃക്കണ്ണാപുരം എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള അയ്യപ്പതാവള ക്ഷേത്രം, വെള്ളായണി ഊക്കോട് ചെറുബാലമന്ദം ശിവക്ഷേത്രം, വെള്ളായണി കായല്‍ക്കരയില്‍ തൃക്കുളങ്ങളര മഹാവിഷ്ണു ക്ഷേത്രം, വേവിള മഹാവിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം,
നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം, അമൃതാനന്ദമയി മഠം, കരമന കാഞ്ചിമാടന് ക്ഷേത്രം, കരമന ഗണപതി ക്ഷേത്രം, ഇടഗ്രാമം ബാലഗണപതി ക്ഷേത്രം, തളിയല്‍ മഹാദേവ ക്ഷേത്ര കടവ്, കുളത്തറ ചെറുപഴഞ്ഞി ക്ഷേത്രക്കടവ്, അമ്പലമുക്ക് എന്‍സിസി റോഡ് ഉളിയനാട് ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുമല കുണ്ടമണ്‍ഭാഗം ദേവീ ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേളി ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഒന്‍പത് ബലിമണ്ഡപങ്ങളിലായി ഒരേസമയം 3,500 പേര്‍ക്ക് ബലിയിടാം. അരുവിപ്പുറം ക്ഷേത്രത്തില്‍ ഒരേസമയം 500 പേര്‍ക്ക് ചടങ്ങ് നടത്താം. പാപനാശത്ത് ബലിതര്‍പ്പണചടങ്ങുകള്‍ പുലര്‍ച്ച മൂന്നിന് ആരംഭിച്ചു. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര മഹാഗണപതി ക്ഷേത്രം, കുടപ്പനക്കുന്ന് കുശവര്‍ക്കല്‍ ദേവീക്ഷേത്രം,
നെയ്യാറ്റിന്‍കര രാമേശ്വരം ശ്രീ മഹാദേവർ ക്ഷത്രം എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ശംഖുംമുഖത്ത് സ്കൂബാ ഡൈവ് ടീം ഉള്‍പ്പെടെ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണത്തിനായും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
ഇന്നലെ രാത്രി 10 മുതല്‍ ഇന്ന് ഉച്ചക്ക് 12 വരെയാണ് നിയന്ത്രണം. തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപാസ് റോഡിലും പാര്‍ക്കിംഗിനും നിയന്ത്രണമുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള ഫയര്‍ഫോഴ്സ് സംഘം വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വാവുബലിയോടനുബന്ധിച്ച് കഐസ്ആര്‍ടിസി പ്രധാന കേന്ദ്രങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളും നടത്തുന്നുണ്ട്.