കൈപ്പൂരി ഭാഗത്ത് കക്കൂസ് മാലിന്യം ലോറിയിലെത്തിച്ച് തള്ളി
1441655
Saturday, August 3, 2024 6:26 AM IST
പൂവാർ: പൂവാർ പഞ്ചായത്തിലെ അരുമാനൂർ കൈപ്പൂരി ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി.അരുമാനൂർ വാർഡിലെ കൈപ്പൂരിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം ഒഴുക്കിയത്.
സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടതോടെ സാമൂഹ്യ വിരുദ്ധർ ലോറിയുമായി കടന്നുകളഞ്ഞു. കാക്കൂസ് മാലിന്യം നിക്ഷേപിച്ചതോടെ അസഹ്യമായ ദുർഗന്ധം കാരണം ജനജീവിതം ദുസ്സഹമായി.
ഏതാനും മാസങ്ങൾക്കു മുമ്പ് തിരുപുറം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പ്രദേശം ശുദ്ധീകരിച്ച് പൂന്തോട്ടം നിർമിച്ച ഇടത്തും ദിവസങ്ങൾക്കുള്ളിൽ തന്നെ സാമൂഹ്യ വിരുദ്ധർ മാലിന്യം കൊണ്ട് തള്ളി പൂന്തോട്ടം നശിപ്പിച്ചിരുന്നു.
ഇപ്പോൾ പ്രദേശത്തെ തണ്ണീർത്തടം മുഴുവൻ മാലിന്യ മയമാണെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി വേണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ചും, പോലീസ് നിരീക്ഷണം ശക്തമാക്കിയും മാലിന്യ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പഞ്ചായത്തിനും പോലീസിനും നാട്ടുകാർ പരാതി നൽകി.