കാലാവസ്ഥാ വ്യതിയാന പഠനത്തിൽ പ്രവാസികൾ ഇടപെടണം: മുഖ്യമന്ത്രി
1441647
Saturday, August 3, 2024 6:26 AM IST
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനത്തിൽ പ്രവാസി സമൂഹത്തിനു വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വേൾഡ് മലയാളി കൗണ്‍സിൽ 14-ാമത് ബൈനിയൽ കോണ്‍ഫറൻസ് തിരുവനന്തപുരം ഹയാത് റിജൻസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽ പുനർനിർമാണത്തിൽ സംഘടന പങ്ക് വഹിക്കാൻ തയാറായതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള പൊതുവേദി എന്ന നിലയിലാണ് ലോകകേരളസഭ സർക്കാർ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകകേരള സഭ ആഗോള പ്രസിഡന്റ് ജോണ്‍ മത്തായി അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തബാധിതർക്ക് 14 വീടുകൾ നിർമിച്ച് നൽകുന്നതിനുള്ള സമ്മതപത്രം സംഘടന ഗ്ലോബൽ വൈസ് ചെയർമാൻ ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി.
ഒപ്പം സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നിർവഹിച്ചു. ഡോ. പി.എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൻ ലാന്റേണ്‍ അവാർഡ് പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലിക്കും സാഹിത്യ പുരസ്ക്കാരം കവി പ്രഭാവർമയ്ക്കും ബിസിനസ് എക്സലന്റ് അവാർഡ് എ. ഭുവനേശ്വരിക്കും എം.പി അഹമ്മദിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കുള്ള അവാർഡ് എം.എസ്. ഫൈസൽ ഖാനും, ചലച്ചിത്ര പുരസ്കാരം സംവിധായകൻ ബ്ലെസിക്കും മുഖ്യമന്ത്രി കൈമാറി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.എ. സൽമാൻ ഇബ്രാഹിം, പി.എം നായർ, രാജേഷ് പിള്ള, ഷൈൻ ചന്ദ്രസേനൻ, ജോണ്സണ് തലച്ചല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.