വിഴിഞ്ഞം ബൈപ്പാസ് റോഡിൽ കുഴികളും വിള്ളലുകളും
1427731
Friday, June 7, 2024 6:24 AM IST
കേരളത്തിലെ ആദ്യ കോൺക്രീറ്റ് റോഡ് എന്ന് പേര്..!
വിഴിഞ്ഞം: കേരളത്തിലെ ആദ്യ കോൺക്രീറ്റ് റോഡ് എന്ന് പേരുകേട്ട ബൈപ്പാസ് റോഡ് തുറന്നു മാസങ്ങൾക്കുള്ളിൽ കുഴികളും വിള്ളലുകളും..! അങ്ങിങ്ങ് വ്യാപകമായി രൂപപ്പെട്ട ചെറുകോൺക്രീറ്റ് കുഴികൾ അടക്കാൻ ഒടുവിൽ ടാറു തന്നെ ശരണം..!
മഴ തുടങ്ങിയതോടെ കുഴികളുടെ എണ്ണം വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കഴക്കൂട്ടം- കാരോട് ബൈപ്പാസിന്റെ രണ്ടാംഘട്ടമായ വിഴിഞ്ഞം തലക്കോട് മുതൽ തമിഴ്നാട് അതിർത്തിയായ കാരോട് വരെയാണ് ആധുനിക രീതിയിൽ റോഡിൽ കോൺക്രീറ്റിട്ടത്. വർഷങ്ങളുടെ ഉറപ്പിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനുപോലും കാത്തുനിൽക്കാതെയാണ് ഒരു വർഷം മുന്പ് ഗതാഗതത്തിനായി തുറന്ന് നൽകിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ബൈപ്പാസിന്റെ ബൈ റോഡുകളിലാണ് കുഴികളും ചെറിയ വിള്ളലുകളുമുണ്ടായിരിക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടിനെ പ്രതിരോധിക്കാനാകാതെ രൂപപ്പെട്ട നേരിയ വിള്ളലുകൾ മഴക്കാലത്ത് കൂടുതൽ പ്രകടമായി. തുടക്കത്തിൽ സിമന്റ് മിശ്രിതം ഉപയോഗിച്ചു കുഴികൾ അടച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി എല്ലാം ഇല്ലാതായി. ഒടുവിൽ ടാറിട്ട് കുഴികൾ അടച്ചെങ്കിലും പൂർണമാക്കാൻ അധികൃതർക്കായില്ല.
രണ്ടാംഘട്ട നിർമാണം അശാസ്ത്രീയമെന്ന് തുടക്കത്തിലെ നാട്ടുകാർ ആരോപിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. പാലങ്ങൾ നിർമിക്കേണ്ട ചതുപ്പു നിലങ്ങളിൽ പോലും നാല്പതും അൻപതും അടി വരെ ഉയരത്തിൽ ചെറിയ കോൺക്രീറ്റ്കല്ലുകൾ കൊണ്ട് സൈഡ് വാൾ കെട്ടിപ്പൊക്കി മണ്ണുനിറച്ചാണ് ബൈ റോഡുകൾ നിർമിച്ചിരിക്കുന്നത്.
ഇതിനിരുവശങ്ങളിൽ ഏറെ അശാസ്ത്രീയമായ രീതിയിലാണ് പൊതുജനത്തിനായി സർവീസ് റോഡുകൾ നിർമിച്ച ത്. വൻ കുഴികളിലും കുന്നുകളിലുമായി കടന്നുപോകുന്ന സർവീസ് റോഡുകൾ ജനത്തിന് കാര്യമായ പ്രയോജനവുമില്ലാതായി.
നിർമാണ വേളയിൽ തന്നെ തകരാർ കണ്ടുപിടിച്ച കാഞ്ഞിരംകുളം, കോട്ടുകാൽ പുന്നക്കുളം ഭാഗത്തെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ബലക്ഷയം തീർക്കാമെന്ന് ഉറപ്പുനൽകിയ അധികൃതർ കുറച്ചു ഭാഗം പൊളിച്ചശേഷം പഴയ രീതിയിൽ തന്നെ നിർമിച്ചു കോൺക്രീറ്റുമിട്ടു.
ഏറെ ഉയരത്തിലൂടെ പോകുന്ന ബൈപ്പാസിന്റെ പുന്നക്കുളം ഭാഗത്ത് കോൺക്രീറ്റിട്ട സ്ഥലത്തെ വിടവ് നികത്താൻ ഒരു മാസം മുൻപ് തൊഴിലാളികൾ ടാർ കലക്കിയൊഴിച്ച് ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. ആറുവരിപ്പാതയിൽ ഇരുവശങ്ങളിലുമുള്ള ഒറ്റവരി സർവീസ് റോഡുകൾ ടാറിട്ടപ്പോഴാണ് നാലു വരിപ്പാതയായ ബൈപ്പാസ് റോഡ് കോൺക്രീറ്റിട്ട് പൂർത്തിയാക്കിയത്.