കിളിക്കൂട്ടം അവധിക്കാല ക്യാന്പിനു സമാപനം
1424982
Sunday, May 26, 2024 5:25 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് സമിതി ആസ്ഥാനത്ത് ഏപ്രിൽ മൂന്നിന് ആരംഭിച്ച അവധിക്കാല ക്യാന്പ് - കിളിക്കൂട്ടം 2024 കൊടിയിറങ്ങി.
ക്യാന്പിന്റെ സർട്ടിഫിക്കറ്റ് വിതരണം വി. ജോയി എംഎൽഎ നിർവഹിച്ചു. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ക്യാന്പിൽ വിവിധ പാഠ്യേതര വിഷയങ്ങൾക്കു പുറമെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രാമുഖ്യം നൽകിക്കൊണ്ടായിരുന്നു രണ്ടു മാസം നീണ്ടു നിന്ന അവധിക്കാല കൂട്ടായ്മ.
അഭിനയ പഠനം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, സാഹിത്യം, ഒറിഗാമി, സിനിമ, ശാസ്ത്രം, ഗണിതം, ദിനപത്രനിർമിതി, ചലച്ചിത്ര നിർമാണം, മാജിക്, യോഗ, കരാട്ടെ ഇവയെല്ലാം പഠന വിഷയമായിരുന്നു.
കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, ഗുരുവന്ദനം, വിനോദയാത്ര, ഉല്ലാസ പരിപാടികൾ എന്നിവയും ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള 450 കുട്ടികളാണ് ആദ്യാവസാനം ക്യാന്പിൽ പങ്കെടുത്തത്.
ശ്രീചിത്ര ഹോമിൽ നിന്നും ശിശുക്ഷേമ സമിതിയിൽ നിന്നും നൂറോളം കുട്ടികളും ക്യാന്പിൽ പങ്കെടുത്തു. ക്രിയാത്മകവും ആനന്ദകരവും ഭാവനാ സന്പന്നവുമായിരുന്നു ക്യാന്പിന്റെ സംഘാടനം.
സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുമേശൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി ക്യാന്പ് അവലോകനം നടത്തി.