കാട്ടാക്കടയെ ഇളക്കി മറിച്ച് മോദി
1416568
Tuesday, April 16, 2024 12:10 AM IST
കാട്ടാക്കട: കാട്ടാക്കടയെ ഇളക്കി മറിച്ച് നരേന്ദ്രമോദി. രാവിലെ മുതൽ തന്നെ കാട്ടാക്കടയിലേക്ക് ബിജെപി പ്രവർത്തരുടെ ഒഴുക്കായിരുന്നു. എസ്പിജി യുടെ മുതിർന്ന ഉദ്യോഗസ്ഥരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘമാണ് സമ്മേളന വേദിയിലും പരിസരത്തും നിലയുറപ്പിച്ചത്.
കൂട്ടമായി എത്തിയ പ്രവർത്തകരെ കടത്തി വിടാനും കടുത്ത നിയന്ത്രണമായിരുന്നു. ഉച്ചയ്ക്ക് ഹെലിപാഡിൽ വന്ന പ്രധാന മന്ത്രി സമ്മേളനഹാളിലേക്ക് കാറിലാണ് എത്തിയത്. കാറിന്റെ വശത്ത് നിന്ന് കൈവീശിയാണ് നീങ്ങിയത്. റോഡിന്റെ ഇരുവശത്തും നല്ല ജനക്കൂട്ടം കാത്ത് നിന്നിരുന്നു. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ബിജെപി പ്രവർത്തകരും എത്തിയിരുന്നു. പ്രധാനമന്ത്രിക്ക് വിഷു പൂക്കളും കൈനീട്ടവും നൽകിയതും ആഹ്ളാദത്തിനിടയാക്കി.
മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ചതോടെ കാണികൾ ഇളകി മറിഞ്ഞു. പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു പ്രസംഗം. വർഷങ്ങളായി കേരളത്തിൽ നിന്നും ആളുകൾ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോൾ, അഞ്ചുലക്ഷം പേർക്ക് തൊഴിൽ എന്ന മോദിയുടെ ഗ്യാരന്റി പ്രധാനമെന്ന് ചടങ്ങിൽ പങ്കെടുത്ത നടി ശോഭന പറഞ്ഞു. തലസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട പ്രധാനമന്ത്രി കാട്ടാക്കട ചാരുപാറയ്ക്ക് സമീപമുള്ള ഹെലിപാഡിലായിരുന്നു ഇറങ്ങിയത്.