പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്: ഒന്നാംപ്രതി അറസ്റ്റിൽ
1415573
Wednesday, April 10, 2024 6:09 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനി സ്വദേശിയായ ദിലീപ് (31) ആണ് അറസ്റ്റിലായത്.
ചാല പച്ചക്കറി മാർക്കറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചു വന്ന ഇരുചക്രവാഹനം ട്രാഫിക് ബ്ലോക്കിൽപ്പെട്ട് നിൽക്കുമ്പോൾ സമീപത്തുകൂടി പോയ ഓട്ടോറിക്ഷ കാലിലൂടെ കയറ്റിയതു ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിനു കാരണമായത്.
ഓട്ടോയിൽ വന്നവർ ഇദ്ദേഹത്തെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും സംഘംചേർന്ന് മർദിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.