മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു
1396880
Saturday, March 2, 2024 6:23 AM IST
കാട്ടാക്കട : മലയോര ഗ്രാമങ്ങളായ നെട്ടുകാൽത്തേരിയിലോ കുറ്റിച്ചൽ മേഖലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൽ ശ്രമം. മാർച്ചിൽ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകാനാണ് സൂചനകൾ. നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിൽ സ്ഥിതിചെയ്യുന്ന ഭാഗത്ത് പ്ലാന്റ് വരുന്നതായും സൂചനകൾ വരുന്നുണ്ട്.
ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാന്റ് കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഉദ്യാഗസ്ഥസംഘം മാസങ്ങൾക്ക് മുൻപ് എത്തി പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. കർണാടകയിലെ ദേനവനഹള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തിന് സമാനമായിട്ടാണ് ഇവിടെ പ്ലാന്റ് വരുന്നത്.
പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സംഘത്തെ കർണാടകയിലെ പ്ലാന്റ് സന്ദർശിക്കാൻ ശുചിത്വമിഷൻ ക്ഷണിച്ചിരുന്നു. കള്ളിക്കാട് പഞ്ചായത്തിന്റെയും സമീപത്തുള്ള കുറ്റിച്ചൽ പഞ്ചായത്തിന്റെയും അതിർത്തിയിൽ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം. തുറന്ന ജയിലിന്റേതായ ഭൂമി ധാരാളമുള്ള പ്രദേശമാണ്. സർക്കാർ വകയായതിനാൽ ഭൂമി വിലകൊടുത്ത് വാങ്ങേണ്ടതായി വരുന്നില്ല.
ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇവിടെ പദ്ധതി നടപ്പാക്കാൻ നീക്കം നടത്തുന്നത്.അതേസമയം കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ ഭാഗത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനും ശക്തിയേറി. ജില്ലയിലെ അറവു ശാലകളിൽ നിന്നുള്ള കോഴി മാലിന്യം സ്ഥലത്ത് എത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി നടപ്പാക്കിയത്.
എന്നാൽ പദ്ധതിയെ സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും വനത്തോട് ചേർന്ന പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉൾപ്പെടെഉണ്ടാകുമോ എന്നത് സംബന്ധിച്ച വിശദമായ പരിശോധന ഇല്ലാതെ പഞ്ചായത്ത് ഭരണസമിതി പദ്ധതിക്ക് അനുമതി നൽകിയത് ഭരണം കയ്യാളുന്ന സിപിഎമ്മിലും ഭിന്നതക്ക് കാരണമായിരുന്നു.
ഇത് സംബന്ധിച്ച് കോൺഗ്രസും യൂത്ത്കോൺഗ്രസും സമരരംഗത്തായിരുന്നു. വിവാദമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും, പ്ലാൻറ് സ്ഥാപിക്കുന്നതിന് അനുമതി തേടിയ സ്വകാര്യ വ്യക്തികളും, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും സംബന്ധിച്ചു. കോഴി മാലിന്യ സംസ്കരണ പ്ലാന്റ് കുറ്റിച്ചലിൽ ആരംഭിക്കില്ലെന്ന് കളക്ടർ ഉറപ്പുനൽകുകയായിരുന്നു.