സഹോദരിയെ മര്‍ദിച്ച സഹോദരനും മക്കളും അറസ്റ്റില്‍
1395787
Tuesday, February 27, 2024 2:35 AM IST
തിരുവല്ലം: സഹോദരങ്ങള്‍ തമ്മിലുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥയായി എത്തിയ ഇളയ സഹോദരിയെ അനുനയിപ്പിച്ച് മുറിക്കുളളിലെത്തിച്ച ശേഷം സഹോദരനും രണ്ട് മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ കേസിലെ മൂന്ന് പ്രതികളെയും തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
കാര്‍ഷിക കോളജിനു സമീപം മുട്ടയ്ക്കാട് കീഴൂര്‍ വട്ടിവിള മേലെഏറത്ത് വീട്ടില്‍ ഭദ്രന് (52) , മക്കളായ ശ്യാം (29) , ശരത് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര ഇടമണ്മുഗള് കക്കയത്ത് വീട്ടില്‍ താമസിക്കുന്ന ലൈലയെയാണ് (58) പ്രതികള്‍ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം.
പരാതിക്കാരിയായ ലൈലയുടെ മൂത്ത സഹോദരി സോമവല്ലിയും സഹോദരനായ ഭദ്രനും തമ്മില്‍ കുടുംബ വീടിന്റെ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായിരുന്നു ലൈല എത്തിയത്. സോമവല്ലിയുടെ ഭാഗം ചേര്‍ന്ന് സംസാരിക്കുന്നു എന്നാരോപിച്ചായിരുന്നു ഭദ്രനും മക്കളും ചേര്‍ന്ന് ലൈലയെ ആക്രമിച്ചത്.
സംഭവമറിഞ്ഞെത്തിയ ലൈലയുടെ മകനെയും ഇവർ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികൾ. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.