നെയ്യാര്‍ സംരക്ഷണം: മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
1337913
Sunday, September 24, 2023 12:30 AM IST
നെയ്യാറ്റിന്‍കര: നെയ്യാര്‍ കൃഷ്ണപുരം ആറാട്ടുകടവില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിനും നദിയിലേയ്ക്ക് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ മഞ്ചത്തല സുരേഷും ആവശ്യപ്പെട്ടു.
നെയ്യാറില്‍ പലയിടത്തും മുന്‍പ് വന്‍തോതില്‍ മണലൂറ്റ് പ്രവൃത്തികള്‍ ആവര്‍ത്തിച്ചിരുന്നു. നദിയുടെ സ്വതസിദ്ധമായ ഒഴുക്കിനും നദിയോട് ചേര്‍ന്ന കരയുടെ നിലനില്‍പ്പിനും ഭീഷണി സൃഷ്ടിച്ചിരുന്ന ഇത്തരം അനധികൃത നടപടികള്‍ നിയന്ത്രണാധീനമായെന്നാണ് നിലവില്‍ അധികൃതരുടെ അവകാശവാദം. അതേ സമയം, പരിധികളില്ലാതെ തുടര്‍ന്ന പ്രവൃത്തികള്‍ നദിയുടെ ആഴവും വീതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ചില കടവുകളില്‍ കരയിടിച്ചു വരെ മണലൂറ്റിയിരുന്നു.
നെയ്യാറിന്റെ ആഴമറിയാതെ നദിയിലിറങ്ങിയ നിരവധി പേര് മുങ്ങി മരിച്ചിട്ടുണ്ടെന്ന് തദ്ദേശവാസികള്‍ ചൂണ്ടിക്കാട്ടി. ശരിയായ സംരക്ഷണമില്ലാതെ നെയ്യാര്‍ നാശത്തിലേയ്ക്ക് കൂപ്പു കുത്തുകയാണെന്ന പരിസ്ഥിതിവാദികളുടെ പരാതികള്‍ ഇപ്പോഴും ഉയരുന്നുണ്ട്.
അപകട സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കൃഷ്ണപുരം ആറാട്ടു കടവിലെ വിദ്യാര്‍ഥിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ജെ. ജോസ് ഫ്രാങ്ക്ളിന് മുന്നോട്ടുവയ്ക്കുകയുണ്ടായി.
നഗരസഭ കൗണ്‍സിലറും നെയ്യാർ സംരക്ഷണ സമിതി പ്രസിഡന്റുമായ മഞ്ചത്തല സുരേഷ് നദിയിലെ മാലിന്യശേഖരത്തിലും ആശങ്ക പ്രകടിപ്പിച്ചു.