മോഹനന്റെ ഒൗഷധ കസേരയും കട്ടിലും മേളയിലെ താരം
1296578
Monday, May 22, 2023 11:42 PM IST
തിരുവനന്തപുരം: ശരീര വേദനയ്ക്ക് ആശ്വാസം കിട്ടാൻ ഒരു കസേരയിൽ ഇരുന്നാൽ മതിയോ, വാത രോഗം മുതൽ ത്വക്ക് രോഗങ്ങൾ വരെ ശമിപ്പിക്കാൻ ഒരു മരക്കട്ടിലിന് കഴിയുമോ, കസേരയും കട്ടിലും വ്യായാമത്തിനായി ഉപയോഗിക്കാൻ കഴിയുമോ....ഇത്തരത്തിലുള്ള നിരവധി കൗതുകങ്ങളാണ് ശിൽപി എ.കെ. മോഹനന്റെ "ഒൗഷധ കസേര' കാണുന്പോൾ കാണികളുടെ മനസിൽ ഉയരുന്നത്.
ഒന്നിരിക്കുന്പോൾ മുഖത്ത് തെളിയുന്ന ആശ്വാസമാണ് ഈ സംശയങ്ങൾക്കുള്ള ഉത്തരം. എന്റെ കേരളം പ്രദർശന വിപണന മേളയിൽ വെഞ്ഞാറമ്മൂട് സ്വദേശി മോഹനന്റെ കസേര കാണാനും ഇരിക്കാനും മേളയിൽ എത്തുന്നവരുടെ തിരക്കാണ്. 11 തരം ഒൗഷധ മരങ്ങളുടെ തടി ഉപയോഗിച്ചാണ് കസേരയും കട്ടിലും നിർമിച്ചിരിക്കുന്നത്. കസേരയിൽ ഇരുന്നാൽ ബോഡി മസാജിംഗ് ഇഫക്ട് കിട്ടുമെന്നതും കസേരയുടെ പ്രത്യേകതയാണ്.
കൈവെള്ളയിലും കാൽവെള്ളയിലും അക്യൂപ്രഷർ നൽകുന്ന തരത്തിലുള്ള ക്രമീകരണവും കസേരയിലുണ്ട്. പൂവരശ്, ആര്യവേപ്പ്, കാഞ്ഞിരം, കുന്പിൾ, വേങ്ങ, കടന്പ്, പതിമുഖം, നെന്മേനി വാക, കടന്പ്, നെല്ലി, ഇലിപ്പ തുടങ്ങിയ മരങ്ങളുടെ തടി ഉപയോഗിച്ചാണ് കസേരയും കട്ടിലും നിർമിച്ചിട്ടുള്ളത്. നാല് തരം മരങ്ങളുടെ തടി ഉപയോഗിച്ചു നിർമിച്ചിട്ടുള്ള പുതിയ ഉൽപന്നമായ ഈസി ചെയറും പ്രദർശനത്തിലുണ്ട്. കസേരയിൽ ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും വ്യായാമം ചെയ്യാൻ കഴിയും.
ശരീര വേദന മുതൽ രക്തസമ്മർദം വരെ കുറയ്ക്കാൻ കസേര സഹായകമാണെന്ന് ശിൽപി മോഹനൻ പറയുന്നു. 30000 രൂപ മുതലാണ് കസേരയുടെയും കട്ടിലിന്റെയും വില. ആവശ്യക്കാർക്ക് അവരുടെ താൽപര്യപ്രകാരമുള്ള ഒൗഷധ മരങ്ങൾ ഉപയോഗിച്ച് കസേര നിർമിച്ചു നൽകുമെന്നും മോഹനൻ പറഞ്ഞു.