ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം കണ്ടു: കോടതി മുറിയിൽ കയറി ഭാര്യ തല്ലി
1283264
Saturday, April 1, 2023 11:18 PM IST
കാട്ടാക്കട : ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം കണ്ടതിൽ ക്ഷുഭിതയായി കോടതി മുറിയിൽ കയറി ഭാര്യ ഭർത്താവിനെ തല്ലി. ഇന്നലെ രാവിലെ കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയായ സാബുവിനാണ് കോടതിയിൽ വച്ച് ഭാര്യയുടെ മർദനമേറ്റത്. വിളപ്പിൽശാല പോലീസ് ചാർജ് ചെയ്ത കേസിൽ വിചാരണയ്ക്ക് എത്തിയതാണ് സാബുവും കൂട്ടുപ്രതിയായ സ്ത്രീയും. പ്രതികൾ കോടതിയിലെത്തിയ സമയം കോടതിയിൽ എത്തിയ സാബുവിന്റെ ഭാര്യ ദീപ ഇരുവരെയും ഒരുമിച്ച് കണ്ടു. ഇതിൽ പ്രകോപിതയായ അവർ കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു.ഇന്നലെ കോടതി നടപടി ആരംഭിച്ച് മിനിട്ടുകൾക്കകമായിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കോടതി നടപടികൾ തടസപ്പെട്ടു. തുടർന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസ് എടുക്കുകയും ജാമ്യം നൽകി വിടുകയും ചെയ്തു.