എസ്എസ്എൽസി സർട്ടിഫിക്കറ്റ് യാത്രാമധ്യേ നഷ്ടപ്പെട്ടുപോയി. 2007-ലാണ് എസ്എസ് എൽസി പാസായത്. പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈവശമുണ്ട്. നഷ്ടപ്പെട്ടുപോയ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ എന്തെല്ലാം നടപടികളാണു ചെയ്യേണ്ടത്.
രാജേഷ്, കാവുംഭാഗം
ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയ വിവരം കേരളത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും പത്രത്തിൽ പരസ്യം ചെയ്യണം. പരസ്യം ചെയ്ത് 15 ദിവസത്തിനുശേഷം സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിവരം കാണിച്ചുകൊണ്ടുള്ള ഒരു സത്യവാങ്മൂലം സമീപത്തുള്ള ഏതെങ്കിലും മജിസ്ട്രേട്ടിന്റെ മുന്പാകെ സാക്ഷ്യപ്പെടുത്തി വാങ്ങേണ്ടതാണ്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന്റെ ഫീസായ 200രൂപ സർക്കാർ ട്രഷറിയിൽ അടച്ചതിന്റെ രസീത് സഹിതം എസ്എസ്എൽസി പരീക്ഷയെഴുതിയ സ്കൂൾ പ്രധാന അധ്യാപകന് അപേക്ഷ സമർപ്പിക്കുക.
നിശ്ചിത മാതൃകയിലുള്ള ഈ അപേക്ഷയോടൊപ്പം പത്രപ്പരസ്യത്തിന്റെ കോപ്പി, ചെലാൻ, മജിസ്ട്രേട്ട് മുന്പാകെ ഒപ്പിട്ട് നൽകിയ അസൽ സർട്ടിഫിക്കറ്റ് എന്നിവ അതിൽ ഉൾപ്പെട്ടിരിക്കണം.
അപേക്ഷ പ്രധാന അധ്യാപകൻ പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കുന്നതാണ്. പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽനിന്നു നമുക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.