നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ മകളുടെ പേര് സ്കൂൾ രജിസ്റ്ററിലും ജനന സർട്ടിഫിക്കറ്റിലും വ്യത്യസ്തമാണ്. സ്കൂളിൽ ചേർത്തപ്പോൾ നല്കിയ പേരാണ് ശരിക്കുമുള്ള പേര്. ജനന സർട്ടിഫിക്കറ്റിലേത് വിളിപ്പേരു മാത്രമാണ്. അറിയാതെ പറ്റിയ ഒരു പിഴവാണത്. ആധാറിലുള്ള പേരും സ്കൂളിലെ പേരും ഒന്നുതന്നെയാണ്. പഞ്ചായത്ത് രേഖക ളിൽ പേര് മാറ്റിയെടുക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
ലളിത, കൊച്ചി
സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെപ്പോലെ കുട്ടിയുടെ പേര് പഞ്ചായത്ത് രജിസ്റ്ററിലും മാറ്റിയെടുക്കാം. അതിനുവേണ്ടി മകൾ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകന്റെ സർട്ടിഫിക്കറ്റ് സ്കൂളിൽനിന്നും വാങ്ങുക. ഇതിൽ കുട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഇതോടൊപ്പം ആധാറിന്റെ കോപ്പി, നിലവിലുള്ള ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നല്കുക. കുട്ടിയുടെ പേര് പഞ്ചായത്ത് രേഖകളിൽ തിരുത്തി പുതിയ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.