ആലപ്പുഴ: നഗരത്തില്‍ ആഘോഷ സായാഹ്നമൊരുക്കി സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ വിളംബര ജാഥ. ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തില്‍നിന്നും വൈകിട്ട് നാലിന് ആരംഭിച്ച വിളംബര ഘോഷയാത്ര എച്ച്. സലാം എംഎല്‍എഫ് ഫ്ളാഗ് ഓഫ് ചെയ്തു.
സംഘാടകസമിതി ചെയര്മാൻ മന്ത്രി സജി ചെറിയാന്, പി.പി. ചിത്തരഞ്ജന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്സൺ കെ.കെ. ജയമ്മ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എസ്. താഹ, ആര്. റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത എന്നിവര്‍ ജാഥയില്‍ അണിനിരന്നു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്. ശ്രേയ പതാകയേന്തി. മേളയുടെ ദീപശിഖയ്ക്കു പിന്നാലെ അത്ലറ്റുകളും അണിനിരന്നു.
വാദ്യമേളങ്ങളുടെയും അമ്മന്‍കുടത്തിന്റെയും ബാന്‍ഡ് സെറ്റിന്റെയും അകമ്പടിയോടെ നിങ്ങിയ ജാഥയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കായികതാരങ്ങളും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായികതാരങ്ങളും റോവിംഗ് താരങ്ങളും അണിനിരന്നു.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എന്‍സിസി, എസ്പിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയ വിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും വിളംബരജാഥക്ക് മിഴിവേകി. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രക്ക് ആയിരങ്ങള്‍ സാക്ഷിയായി. വിളംബരഘോഷയാത്ര പ്രധാനവേദിയായ സെന്റ് ജോസഫ് സ്കൂളില്‍ സമാപിച്ചു.
വിളംബരഘോഷയാത്രക്കു മുന്നോടിയായി ഇന്നലെ രാവിലെ കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ച ഇട്ടി അച്യുതന് വൈദ്യരുടെ ചേര്‍ത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തില്‍നിന്ന് ആരംഭിച്ച പതാക ജാഥ ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചേര്‍ത്തല, അരൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളില്‍നിന്നുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് ആലപ്പുഴ മുനിസിപ്പല്‍ ശതാബ്ദി മന്ദിരത്തില്‍ സംഗമിച്ചു.
ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടലനിന്ന് ആരംഭിച്ച ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ എം. വി. പ്രിയ ഉദ്ഘാടനം ചെയ്തു. ദീപശിഖാ റാലി കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തില്‍ എത്തിച്ചേര്‍ന്നു.
ഇതോടൊപ്പം സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ശാസ്ത്രമേള സംഘാടകസമിതി ഏര്‍പ്പെടുത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്രഗവ. വിഎച്ച്എസ്എസ് മുളക്കുഴയില്‍നിന്ന് ആരംഭിച്ചു.
വാഹനഘോഷയാത്ര എസ്ഐഇടി ഡയറക്ടര്‍ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ശതാബ്ദി മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നു ജാഥകളും ശതാബ്ദി മന്ദിരത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിളംബരജാഥ ആരംഭിച്ചു.