പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ശുചീകരണ ജോലികൾക്കായി ശബരിമല സാനിറ്റേഷൻ സൊസൈറ്റി മുഖേന ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനത്ത് 300, പമ്പയിൽ 210, നിലയ്ക്കൽ 450 പേരെ വീതം നിയമിച്ചിട്ടുണ്ട്. പന്തളം, എരുമേലി അടക്കമുള്ള ഇടത്താവളങ്ങളിലും വിശുദ്ധിസേനയുടെ സേവനം ഉറപ്പാക്കും. ഇവരുടെ യൂണിഫോമും മറ്റും നാളെ പന്പയിൽ നടക്കുന്ന ചടങ്ങിൽ റവന്യുമന്ത്രി കെ. രാജൻ നൽകും. ഇവർക്കുള്ള പരിശീലനം പൂർത്തിയായിട്ടുണ്ട്.
നാല് എമർജൻസി ഓപ്പറേഷൻ സെന്ററുകളാണ് ഇക്കുറി പ്രവർത്തിക്കുക. ഇതിനായി 21 പേർക്ക്പരിശീലനം തുടങ്ങി. ഏകീകൃത വിലവിവരം, ശുചിത്വം എന്നിവ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകൾ തീർഥാടനകാലത്ത് പരിശോധനകള്‍ നടത്തും. ലീഗല്‍ മെട്രോളജി, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡ് ഭക്ഷ്യ ഗുണനിലവാരവും വിലവിവരവും ഉറപ്പ് വരുത്തും. ഭക്ഷ്യ സുരക്ഷാ ലാബ് പന്പയിൽതന്നെ പ്രവർത്തിക്കും.
ഭക്തർക്ക് കൃത്യമായ ഇൻഫർമേഷനുകൾ ലഭ്യമാക്കാനായി വാട്സ്ആപ്പ് സംവിധാനം ആരംഭിക്കും. ഇതിലൂടെ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും. ബഹുഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ഭക്ഷണ സാധനങ്ങളുടെവില നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഭക്ഷണശാലകളിൽ ആറു ഭാഷകളിൽ ഇതു പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇടപെടേണ്ടതും മുൻകൂട്ടി ചെയ്യേണ്ടതുമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ സന്നിധാനത്തു തങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഭക്തരെ വഴിയിൽ തടയില്ല
ശബരിമല തീർഥാടകരെ വഴിയിൽ തടഞ്ഞിടേണ്ട സാഹചര്യം ഇക്കുറി ഉണ്ടാകില്ലെന്ന് കളക്ടർ പറഞ്ഞു. ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം മുൻകൂട്ടി ലഭ്യമാകുമെന്നതിനാൽ തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ അതിനനുസൃതമായ ക്രമീകരണങ്ങൾ ചെയ്യും.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് നടത്തി എത്തുന്നവരുടെ എണ്ണം കൃത്യമായി പോലീസിനും ലഭ്യമാകുന്നുണ്ട്. അതിനനുസരിച്ച് ദർശന സൗകര്യം ക്രമീകരിച്ചു നൽകാൻ ശ്രമിക്കും. തിരക്ക് വർധിക്കുന്ന അവസരത്തിൽ പാർക്കിംഗിനായി ഇടത്താവളങ്ങളിലും സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. നിലയ്ക്കലിൽ 10,000 വാഹനങ്ങളുടെ പാർക്കിംഗ് ഉറപ്പാക്കാനാകും. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കെഎസ്ആർടിസിയുമായി ചേർന്ന് ഭക്തരെ എത്തിക്കാനുള്ള സൗകര്യം ആലോചിച്ചു വരികയാണ്.
പന്പയിൽ ചക്കുപാലം, ഹിൽ ടോപ്പ് എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കോടതിയുടെ അനുവാദം തേടിയിട്ടുണ്ട് .
കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രി
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോന്നി സർക്കാർ മെഡിക്കൽ കോളജാണ് ഇക്കുറി ബേസ് ആശുപത്രിയായി നിശ്ചയിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങൾ മെഡിക്കൽ കോളജിൽ ചെയ്യും.
മെഡിക്കൽ കോളജിലേക്കുള്ള യാത്രാബുദ്ധിമുട്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിലേക്ക് പന്പയിലും തീർഥാടന പാതകളിലും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് കോന്നി മെഡിക്കൽ കോളജിനെ ബേസ് ആശുപത്രിയായി പരിഗണിച്ചിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളജിലും ശബരിമല വാർഡ് തയാറാകുന്നുണ്ട്.
ശബരിമല എഡിഎം ഡോ.അരുൺ എസ്. നായർ, ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സി.കെ. അഭിലാൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസംഗിച്ചു.