കൊട്ടിയം: തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളത്തുംഗലിൽ നീന്തൽ സമരം നടത്തി.
ഇരവിപുരം മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്. പുനർനിർമാണത്തിനായി ആറുമാസം മുമ്പ് വെട്ടിപ്പൊളിച്ചിട്ട വാളത്തുങ്കൽ - പിണയ്ക്കൽ റോഡ് കുണ്ടും കുഴിയുമായി തകർന്ന് കാൽനടയാത്ര പോലും ദു:സഹമായ നിലയിൽ കിടക്കുകയാണ്. മഴക്കാലമായതോടെ കുഴികളിലാകെ മലിനജലം നിറഞ്ഞു കിടക്കുന്നു.
ഹയർസെക്കൻഡറി സ്കൂളിലേക്കും സിബിഎസ്ഇ സ്കൂളിലേക്കും നൂറുകണക്കിന് കുട്ടികൾ പോകുന്ന വഴി മുഴുവൻ വെള്ളക്കെട്ടായി കിടക്കുകയാണ്. ഇതിനടുത്തുള്ള ഒട്ടത്തിൽ - വായനക്കുളം റോഡും വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്.
വാളത്തുങ്കൽ മന്നം മെമോറിയൽ സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ നീന്തൽ സമരം സംഘടിപ്പിച്ചത്.
ഇരവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം കെപിസിസി സെക്രട്ടറി അഡ്വ. കെ. ബേബിസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണക്കാട് സലീം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വാളത്തുങ്കൽ രാജഗോപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. നാസർ,
ഡിസിസി അംഗം സലീംആലൂസ്, മണിയംകുളം കലാം, മണ്ഡലം മുൻ പ്രസിഡന്റ് കമറുദീൻ, അനസ് പിണക്കൽ, രാധാകൃഷ്ണൻ, ഷൗക്കത്ത്, ജലാൽ 12 മുറി, നാസർ, ഷംനാദ്, സജീർ അലി, പിണയ്ക്കൽ സക്കീർ ഹുസൈൻ, ബാബു, ഹാഷിം, സനൂജ് , നൗഫൽ, ഷഹാൽ, ബിജു മങ്കാരം എന്നിവർ നേതൃത്വം നൽകി.