കൊട്ടാരക്കര: മലങ്കര ഓർത്തഡോക്സ് സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വനിതാ വികസന കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കരിക്കം ഐപ്പള്ളൂർ ഏദൻ നഗറിൽ തുടക്കമായി. മോംസ് പ്രസിഡന്റും കോട്ടയം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ദിയോസ്കോറോസ് നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
കുടുംബത്തിന്റെ സഹിഷ്ണുതയുടെ നട്ടെല്ലായ വനിതകളെ ശാക്തീകരിക്കുന്നതിലൂടെ സമൂഹത്തെ ശോഭനവും കൂടുതൽ സമൃദ്ധവുമായ ഭാവിയിലേക്ക് നയിക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഡയറക്ടർ ഡോ. സിബി തരകൻ, വികാരിമാരായ ഫാ.സാജൻ തോമസ്, ഫാ.ജോസഫ് മാത്യു, ഫാ.തോമസ് ജോൺ പണയിൽ, ഫാ.ജേക്കബ് സാമുവേൽ, ഫാ.ഡോ.റെനി തോമസ്, മോംസ് ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, ഭദ്രാസന ആനിമേറ്റർ മിനി ജോസ്, വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി, മേലില ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷിജോമോൻ, കെ.ജി. മത്തായികുട്ടി, പിഎംജി കുരാക്കാരൻ, റീത്ത വർഗീസ്, സിസി കുര്യൻ, ജോസ് തോമസ്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി ഷീജോ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ചാരിറ്റി വിതരണവും നടന്നു.
ലോവർ കരിക്കം പണയിൽ നിറ്റാസിൽ കെ.ജി.മത്തായിക്കുട്ടി ഇഷ്ടദാനമായി നൽകിയ സ്ഥലത്താണ് വികസന കേന്ദ്രത്തിന്റെ നിർമാണം. സ്കിൽ ഡെവലപ്മെന്റ് സെന്റർ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ഉൽപന്ന നിർമാണ കേന്ദ്രം, ഓഫീസ് എന്നിവ 4500 ചതുരശ്ര അടി വിസ്തീർണമുള്ള വനിതാ വികസന കേന്ദ്രത്തിന്റെ ഭാഗമാണ്. ഒരേ സമയം 20 വനിതകൾക്ക് താമസ സൗകര്യവും 100 വനിതകൾക്ക് പരിശീലന സൗകര്യവും ലക്ഷ്യമിടുന്നു.