ഒടയംചാല്‍: കോടോം-ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരില്‍ എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ടി.കെ. പ്രശാന്തിന്റെ ഭാര്യാ സഹോദരന് എ.കെ. രജീഷിന്റെ ഉടമസ്ഥതയില്‍ ഒടയംചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന പെട്രോള്‍ പമ്പിന്റെ ലൈസന്‍സ് രണ്ടുവര്‍ഷമായി പുതുക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, സംഭവത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പെട്രോള്‍ പമ്പ് ഉടന്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പമ്പിന് നിയമപരമായി ആവശ്യമുള്ള സൗകര്യങ്ങളും മറ്റും ഒരുക്കാതെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്നതിനാലാണ് ലൈസന്‍സ് പുതുക്കാത്തതെന്നും അതിന് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും പി.പി. ദിവ്യയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി എം.സി. പ്രഭാകരന്, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്ത്തികേയന് പെരിയ, വിനോദ് കപ്പിത്താന്, ജോസ് റാത്തപ്പള്ളി, എം.ജെ. ജോസഫ്, സജി പ്ലാച്ചേരിപ്പുറത്ത്, ജിനി ബിനോയ്, ആന്‍സി ജോസഫ്, ഷിന്റോ ചുള്ളിക്കര, ജയിന് ചുള്ളിക്കര, അഖില്‍ അയ്ങ്കാവ്, ജിത് പൂടംകല്ല്, ജിബിന്‍ ജയിംസ് എന്നിവര്‍ സംംബന്ധിച്ചു.