കാസര്‍ഗോഡ്: പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവന്‍ മിഷന് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ നല്കിയതു 17.7 ശതമാനം കണക്ഷന് മാത്രം. പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്ത് 13-ാം സ്ഥാനത്താണ് കാസര്‍ഗോഡ് ജില്ല. 38,497 വീടുകളിലേക്കാണ് ജലജീവന്‍ മിഷന് വഴി കണക്ഷന് നല്‍കിയത്. 2,17,182 വീടുകളിലേക്കാണ് പദ്ധതി പ്രകാരം വെള്ളം എത്തിക്കേണ്ടത്.
1,78,685 വീടുകള്‍ ബാക്കിയാണ്. വയനാട് ജില്ല മാത്രമാണ് കാസര്‍ഗോഡിനു പിറകിലുള്ളത്. 2020 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷം മാര്‍ച്ച് 31നു പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ കാലാവധി നീട്ടിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ഇതുവരെ ഇതില്‍ തീരുമാനം വന്നിട്ടില്ല. ഒരു കണക്ഷന് പോലും നല്‍കാത്ത പഞ്ചായത്തുകളും പൈപ്പ്ലൈന് പണി തുടങ്ങാത്ത പഞ്ചായത്തുകളും ജില്ലയിലുണ്ട്. പൈവളിഗെ, പുത്തിഗെ, കാറഡുക്ക, കുംബഡാജെ, ചെമ്മനാട്, ദേലംപാടി, കിനാനൂര്‍-കരിന്തളം, പടന്ന പഞ്ചായത്തുകളിലാണ് പേരിനു പോലും കണക്ഷന് നല്‍കാത്തത്. ജലജീവന്‍ മിഷന് പദ്ധതിക്കു വേണ്ടിയുള്ള ശുദ്ധീകരണ നിലയങ്ങളും പമ്പിംഗ് സ്റ്റേഷനുകളും ഒരിടത്തും നിര്‍മിച്ചിട്ടില്ല. നിലവിലുള്ള ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ 38,497 കണക്ഷന് നല്‍കിയത്.
എല്ലാ പഞ്ചായത്തുകളിലും പൈപ്പിടല്‍ പണി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ജല അഥോറിറ്റി പ്രോജക്ട് ഡിവിഷന് അറിയിച്ചു. പക്ഷേ ചില സ്ഥലങ്ങളില്‍ പണി തുടങ്ങിയിട്ടില്ല. തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതീക്ഷിച്ച വേഗവുമില്ല. ജലജീവന്‍ മിഷന് വരുമെന്ന പ്രതീക്ഷയില്‍ തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ള പദ്ധതികള്‍ക്ക് ഇപ്പോള്‍ കാര്യമായ ഫണ്ട് അനുവദിക്കുന്നില്ല. ഇതു കാരണം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വലിയ പ്രതിസന്ധിയാണ്. ടെന്‍ഡര്‍ ചെയ്തതും ഇപ്പോള്‍ പണി ആരംഭിച്ചതുമായ പൈപ്പിടല്‍ പൂര്‍ത്തിയായാലും വെള്ളം കിട്ടാന്‍ പിന്നെയും കാത്തിരിക്കേണ്ടി വരും.
വെള്ളം എടുക്കാനുള്ള പമ്പിംഗ് സ്റ്റേഷനുകളോ ജലശുദ്ധീകരണ നിലയങ്ങളോ നിര്‍മിക്കാത്തതാണ് കാരണം. ചീമേനി പഞ്ചായത്തിലെ മുക്കടയില്‍ രണ്ടു വീതം പമ്പിംഗ് സ്റ്റേഷനുകളും ശുദ്ധീകരണ നിലയങ്ങളുമാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഒന്ന് പടന്ന, വലിയപറമ്പ, പിലിക്കോട്, കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍ പഞ്ചായത്തുകളിലേക്കും രണ്ടാമത്തേത് കിനാനൂര്‍-കരിന്തളം പഞ്ചായത്തിനും. കുമ്പള- മംഗല്പാടി പഞ്ചായത്തുകളിലേക്കായി ഷിറിയ പുഴയിലെ പൂക്കട്ടയിലും കാറഡുക്ക, ദേലംപാടി, കുംബഡാജെ പഞ്ചായത്തുകള്‍ക്കായി പയസ്വിനിപ്പുഴയിലെ അടുക്കത്തൊട്ടിയിലും അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, ഉദുമ, ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വില്ലേജ് എന്നിവിടങ്ങളിലേക്കായി പയസ്വിനിപ്പുഴയിലെ മൊട്ടലിലുമാണ് പമ്പിംഗ് സ്റ്റേഷനും ശുദ്ധീകരണ നിലയവും സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്.
പദ്ധതി ടെന്‍ഡര്‍ ചെയ്തെങ്കിലും ഒരിടത്തും പണി ആരംഭിച്ചിട്ടില്ല. കുറ്റിക്കോല്‍, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ പദ്ധതിക്കായി പെരുടിതട്ടിലാണ് ശുദ്ധീകരണ നിലയം നിര്‍മിക്കുന്നത്. കാപ്പുങ്കയത്ത് നിലവിലെ പമ്പിംഗ് സ്റ്റേഷന് തന്നെ ഇതിനു ഉപയോഗിക്കുന്നതിനാല്‍ പുതിയതു നിര്‍മിക്കേണ്ട ആവശ്യമില്ല. പക്ഷേ ശുദ്ധീകരണ നിലയത്തിന്റെ പണി തുടങ്ങിയിട്ടില്ല. ഇവ പൂര്‍ത്തിയാകാന്‍ കുറഞ്ഞതു ഒന്നര വര്‍ഷമെങ്കിലും എടുക്കും.
ചെമ്മനാട് പഞ്ചായത്തില്‍ രണ്ടു ജലസംഭരണികളുടെ പണി മൂന്നുതവണ ടെണ്ടര്‍ ചെയ്തിട്ടും എടുക്കാന്‍ ആളുണ്ടായിരുന്നില്ല.
മൊട്ടലില്‍ പുതിയ ഒരു പമ്പിംഗ് സ്റ്റേഷന് കൂടി വരുന്നതോടെ പയസ്വിനിപ്പുഴയില്‍ ആവശ്യത്തിന് വെള്ളം കിട്ടുമോ എന്ന സംശയം ഉയരുന്നു. ബാവിക്കര തടയണയില്‍ നിന്നാണ് മൊട്ടലിലേക്കു വെള്ളം എത്തുന്നത്. നിലവില്‍ കാസര്‍ഗോഡ് നഗരസഭയിലെ അരലക്ഷത്തോളം വീടുകളിലേക്ക് ഇവിടെ നിന്നു വെള്ളം നല്‍കുന്നുണ്ട്. സമീപത്തെ മൂന്നു പഞ്ചായത്തുകളിലായി അയ്യായിരത്തോളം കണക്ഷന് വേറെയുമുണ്ട്. ജലജീവന്‍ മിഷന് പൈപ്പിടല്‍ പൂര്‍ത്തിയായാല്‍ മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെമ്മനാട് പഞ്ചായത്തുകളിലായി ഒരു ലക്ഷത്തിലേറെ കണക്ഷന് വര്‍ധിക്കും. നിലവിലുള്ള അരലക്ഷം വീടുകളിലേക്കു വെള്ളം എടുക്കുമ്പോള്‍ തന്നെ ഏപ്രില്‍-മേയ് മാസങ്ങളില്‍ തടയണയിലെ ജലനിരപ്പ് ഒരുമീറ്റില് താഴെയായി കുറയാറുണ്ട്. അപ്പോഴാണ് ഒരു ലക്ഷം കണക്ഷന് വര്‍ധിക്കുന്നത്.
ഇതിനു പുറമേയാണ് അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, ഉദുമ പഞ്ചായത്തുകളിലേക്കും കൊളത്തൂര്‍ വില്ലേജിലേക്കുമുളള പുതിയ പദ്ധതി കൂടി ഇവിടെ വരാന്‍ പോകുന്നത്. ഇതു വേണ്ടത്ര ആസൂത്രണമില്ലാത്ത പദ്ധതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്രയും വെള്ളം സംഭരിക്കാനുള്ള ശേഷി ബാവിക്കര തടയണയ്ക്ക് ഇല്ലെന്ന് ഇവര്‍ പറയുന്നു.