കാസര്‍ഗോഡ്: ഭൂപരിഷ്കരണവും കാര്‍ഷികബന്ധനിയമവും നടപ്പിലാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നിലനില്‍ക്കുന്ന ജന്മി, കുടിയായ്മ കേസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഈ സര്ക്കാരിൻരെ കാലയളവില്‍ തന്നെ നടപടി സ്വീകരിക്കുമെനന് റവന്യമന്ത്രി കെ. രാജന്. 2026 ജനുവരി ഒന്നിന് രാജ്യത്ത് ആദ്യമായി കുടിയായ്മ കേസുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസൈനബിള്‍ വെസ്റ്റഡ് ലാന്‍ഡ് (എഡബ്ല്യുഎല്‍) പ്രശ്നത്തിന് ഒന്നര വര്‍ഷത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ അസൈനബിള്‍ വെസ്റ്റഡ് ലാന്‍ഡ് പരിശോധിക്കുന്നതിന് ഉന്നത, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെ നീയോഗിച്ചു. റവന്യൂ, സര്‍വ്വേ ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും ഈ പ്രദേശങ്ങള്‍ സഞ്ചരിച്ച് ഗൂഗിള്‍ മാപ്പും ഫിസിക്കല്‍ മാപ്പും തയാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ 14 ശതമാനം വരുന്ന എഡബ്ല്യുഎല്‍ ഭൂമി പ്രശ്നത്തിന് ഒന്നരവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ സമ്പൂര്‍ണ പരിഹാരം കാണും. വളരെ ഗൗരവമായി ഈ പ്രശ്നം പരിഗണിക്കുകയാണ്. പ്രത്യേക ടീമിനെ വെച്ച് പരിശോധിച്ചു ലഭ്യമാകുന്ന വിവരങ്ങള്‍ കൂടി ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കും. ചെങ്കല്‍ പാറകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാരിന് വരുമാനദായകായ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുണ്ട്. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖ മുദ്രാവാക്യവുമായി റവന്യൂ വകുപ്പിവന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പട്ടയ മിഷന് ബജറ്റില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച എംഎല്‍എമാര്‍ അധ്യക്ഷന്മാരായ മണ്ഡലം തല പട്ടയ അസംബ്ലികളും കാര്യക്ഷമമായി നടന്നു വരികയാണ്. പഞ്ചായത്ത് നിഷിപ്ത ഭൂമി അര്‍ഹരായവര്‍ക്ക് പതിച്ചുകൊടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്കി. പഞ്ചായത്ത് സെക്രട്ടറിയുടെയും തദ്ദേശഭരണ ജോയിന്‍ ഡയറക്ടറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്കി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളായി.
വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സബ്കളക്ടര്പ്രതീക് ജെയിന്, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, വാര്‍ഡ് കൗണ്‍സിലര്‍ വിമല ശ്രീധരന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.എ. മുഹമ്മദ് കുഞ്ഞി, സി.പി. ബാബു, കല്ലട്ര മാഹിന്‍, ഉബൈദുള്ള കടവത്ത്, പി.ടി. നന്ദകുമാര്‍, കെ.എം. ഹസൈനാര്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും എഡിഎം പി. അഖില്‍ നന്ദിയും പറഞ്ഞു.