കൽപ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്രവിജയം നേടുമെന്ന് എഐസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവ്. ഡിസിസി ഹാളിൽ കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് വയനാട് പാർലമെന്റ് നേതൃയോഗവും ആർ. ശങ്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കശാപ്പുചെയ്യുന്ന നരേന്ദ്ര മോദിയും അമിത്ഷായും ജനങ്ങളെ, പ്രത്യേകിച്ച് ദളിത്, പിന്നാക്ക ജനവിഭാഗത്തെ വിനാശത്തിലേക്ക് തള്ളിവിടുകയാണെന്നു അജയ്സിംഗ് യാദവ് പറഞ്ഞു.
അധഃസ്ഥിത ജനവിഭാഗത്തെ സഹായിക്കാനും പുരോഗതിയിലേക്ക് നയിക്കാനും ധീരോദാത്തമായ നേതൃത്വം നൽകിയ മഹാനായ നേതാവായിരുന്നു മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. കെപിസിസി ഒബിസി ഡിപ്പാർട്ടുമെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. ദേശീയ കോ ഓർഡിനേറ്റർ ആദിലിംഗ പെരുമാൾ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, തമിഴ്നാട് ഘടകം ഒബിസി പ്രസിഡന്റ് നവീൻ, ബാബു നാസർ, എൻ.സി. കൃഷ്ണകുമാർ, സതീഷ് വിമലൻ, ആർ.പി. ശിവദാസ്, മാർവെൽ ആന്റണി, പി.വി. ഉമ്മർ മൗലവി, വെങ്കിടേശ്, രാജേന്ദ്രപ്രസാദ്, പി.കെ. സുകുമാരൻ, സീത, ഒ.പി. മുഹമ്മദ്, ഇ. റഷീദ്, ഷീജ എന്നിവർ പ്രസംഗിച്ചു.