കൽപ്പറ്റ: അടിയന്തരാവസ്ഥ പീഡിതർ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ 14ന് സത്യഗ്രഹം നടത്തും. അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസിന്റെ(കേരള)നേതൃത്വത്തിലാണ് പരിപാടി.
അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, സമരഭടൻമാർക്ക് സാന്പത്തിക സഹായം നൽകുക, ചികിത്സാസഹായം ലഭ്യമാക്കുക, ട്രെയിൻ, ബസ് യാത്ര സൗജന്യമാക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഭരതൻ, ജില്ലാ പ്രസിഡന്റ് ഇ.കെ. ഗോപി, വൈസ് പ്രസിഡന്റ് എ.വി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി ഇ.കെ. സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സത്യഗ്രഹത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നുള്ള അടിയന്തരാവസ്ഥ പീഡിതർ പങ്കെടുക്കും. രാവിലെ 10ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന നേതാക്കളായ ആർ. മോഹനൻ, വി. രവീന്ദ്രൻ, എ. ദാമോദരൻ, എം. ചെക്കുട്ടി എന്നിവർ പ്രസംഗിക്കും. കേരളത്തിലെ അടിയന്തരാവസ്ഥ പീഡിതരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്ക് 12 സംസ്ഥാനങ്ങൾ പെൻഷൻ അനുവദിക്കുന്നുണ്ട്. കേരള സർക്കാർ ഇതിനു തയാറാകാത്തത് ദൗർഭാഗ്യകരമാണ്. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിനു പ്രേരണ നൽകിയവർ പീഡിതർക്കുവേണ്ടി കേന്ദ്ര സർക്കാരിൽ മതിയായ സമ്മർദം ചെലുത്താൻ കൂട്ടാക്കുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.