49 വർഷമായി കേരളത്തിലെ സ്കൂൾ, കോളജ്, ജയിലുകൾ, തെരുവുകൾ എന്നിവിടങ്ങളിലായി മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെതിരേ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലാകാരനാണ് ഞാൻ. എന്റെ അനുഭവത്തിൽ ഭരണകൂടവും നിയമവും ഒന്നിക്കാതെ ഇതിന് മാറ്റമുണ്ടാകില്ല.
ആദ്യം ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യം എടുത്തുകളയുക. ഇത്തരം കേസുകളിൽ സ്വാധീനം ഉപയോഗിച്ച് സ്റ്റേഷൻ ജാമ്യം ഉറപ്പാക്കുന്നു. അവിടെ അഴിമതി തെളിയുന്നു. നിയമം പൊളിച്ചെഴുതുക. രണ്ടാമതായി ജനങ്ങളുടെ പക്ഷത്തുള്ള ഒരു സർക്കാർ വേണം. ഇത് രണ്ടുംകൂടി ചേർന്നാൽ കുട്ടികളുടെ ഭാവി നന്നാക്കാൻ കഴിയും.
പത്തുവർഷം മുന്പ് ഞാൻ സ്കൂളുകളിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ മാജിക് ഷോയിൽനിന്ന് ലഹരിക്കെതിരേയുള്ള ഭാഗം ഒഴിവാക്കിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഞാൻ പരിപാടി അവതരിപ്പിച്ച തിരുവനന്തപുരത്തെ ഒരു സ്കൂളിലെ എട്ടാംക്ലാസ് കുട്ടിയുടെ പോക്കറ്റിൽനിന്നു ലഹരിവസ്തു പിടിച്ചെടുത്തു. ഹെഡ്മാസ്റ്റർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി ടിസി കൊടുത്തുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഹെഡ്മാസ്റ്റർക്ക് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രമാണ്.
അധ്യാപകരോ രക്ഷിതാക്കളോ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല ഇത്. നിയമവും ഭരണകൂടവും ഒന്നിക്കണം. ലഹരിക്കെതിരേ പ്രവർത്തിക്കുന്നവർക്ക് നിയമസംരക്ഷണവും ഉറപ്പുവരുത്തണം. ഭരണസിരാകേന്ദ്രവുമായി ബന്ധമുള്ള നേതാക്കന്മാർക്ക് ഇതിന്റെ നിർമാണകേന്ദ്രം ഉണ്ടെന്ന് അറിയുന്നു. ഇത് അവർക്ക് വ്യവസായമാണ്. ഇതിന്റെ ഉത്പാദനം വർധിപ്പിക്കുകയെന്നത് അവരുടെ ലക്ഷ്യവും. ഇതിൽ എരിഞ്ഞമരുന്നത് യുവതലമുറയും. എവിടെ അവസാനിപ്പിക്കണമെന്ന് ഒരു ധാരണയും ഇല്ല. ലഹരി ഉപയോഗിക്കാത്ത കുഞ്ഞുങ്ങളേ, നിങ്ങൾ ഭാഗ്യവാന്മാർ.
മജീഷ്യൻ നാഥ്