വിഴിഞ്ഞം തുറമുഖനിർമാണവുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വാദപ്രതിവാദങ്ങൾ വളരെ അരോചകമാണ്; പ്രത്യേകിച്ചും ഒരു ജനാധിപത്യസംസ്കാരത്തിൽ. വികസനപ്രവർത്തനങ്ങൾ നടത്തുക എന്നത് തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെയും അവർ രൂപം കൊടുക്കുന്ന സർക്കാരിന്റെയും കടമയാണ്. അവരുടെ സേവനത്തിനുള്ള പ്രതിഫലം അവർ കൃത്യമായി കൈപ്പറ്റുകയും ചെയുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എന്തിനാണ് രാഷ്ട്രീയ പിതൃത്വം അവകാശപ്പെടുന്നത്? എന്തിനാണ് ഇത്ര വിശാലമായ ഉദ്ഘാടനസമ്മേളനങ്ങൾ? ഒരു ഫലകത്തിൽ തീർക്കാവുന്ന കാര്യമല്ലേയുള്ളൂ, അതും ചരിത്രരേഖയായി മാത്രം. അല്ലെങ്കിൽ മ്യൂസിയങ്ങൾ ഉണ്ടാക്കാവുന്നതാണ്, ആവശ്യമെങ്കിൽ മാത്രം.
പൊതുഖജനാവിനെ ദുരുപയോഗിക്കുന്ന, ജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന, ബുദ്ധിമുട്ടുകൾ സമ്മാനിക്കുന്ന, മന്ത്രിമാർക്ക് ന്യായമല്ലാത്ത രാഷ്ട്രീയനേട്ടങ്ങൾ സമ്മാനിക്കുന്ന ഇത്തരം സമ്മേളനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ മുന്നോട്ടു വരണം. എല്ലാറ്റിലും രാഷ്ട്രീയം മാത്രം കാണുന്ന ഇത്തരം നടപടികൾ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്. മറ്റു വികസിത ജനാധിപത്യ രാജ്യങ്ങളെ നമുക്ക് ഇക്കാര്യത്തിൽ മാതൃകയാക്കാം. ഇത്തരം രാഷ്ട്രീയ കോലാഹലങ്ങൾ വികസനവുമായി ബന്ധപ്പെട്ടല്ല. അവിടെയെല്ലാം അതതു മേഖലയിലെ വിദഗ്ധർക്കും ഉദ്യോഗസ്ഥർക്കുമാണു പ്രാധാന്യം. ഇത്തരം ഉദ്ഘാടന മാമാങ്കങ്ങളും അവിടെയില്ല. ഇനിയെങ്കിലും നാം മാറി ചിന്തിക്കാൻ തയാറാകണം; പുതിയ തലമുറയെ ഓർത്തെങ്കിലും.
പ്രഫ. പി.ജെ. തോമസ് പത്തിൽച്ചിറ,വാഴപ്പള്ളി, ചങ്ങനാശേരി