കേരളത്തിലെ നെൽകർഷകർക്ക് നിലവിലുള്ള ഇൻഷ്വറൻസ് പദ്ധതികൾകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല എന്ന ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്. വ്യക്തിപരമായി ഒരു നെൽകർഷകനും ഈ പദ്ധതിയുടെ ഗുണം ലഭിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇത് ഒരു ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയായതിനാൽ ഒരുപാടശേഖരം മുഴുവനായോ ഒരു ബ്ലോക്ക് മുഴുവനായോ കൃഷി നാശം സംഭവിച്ചാൽ മാത്രമേ പദ്ധതിയുടെ ആനുകൂല്യം കർഷകന് ലഭിക്കൂ. കൃഷിവകുപ്പ് 2017 മാർച്ച് 22ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം വിവിധ വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ തുക ഉയർത്തിയിരുന്നു. നെല്ലിന് ഹെക്ടറിന് ഇൻഷ്വറൻസ് പ്രീമിയമായി 250 രൂപ അടയ്ക്കുമ്പോൾ 45 ദിവസത്തിനു മുൻപ് വിളനാശം സംഭവിച്ചാൽ ഹെക്ടറിന് 15,000 രൂപ വരെയും 45 ദിവസത്തിന് ശേഷമെങ്കിൽ ഹെക്ടറിന് 35,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും.
മറ്റു കൃഷികളിൽനിന്നു വ്യത്യസ്തമായി നെൽകൃഷിക്ക് കീടബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും എന്നുകൂടി ചേർത്തിട്ടുണ്ട്. കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിലും നിബന്ധനകൾക്കും വിധേയമായി പ്രീമിയം അടച്ച് കർഷകർക്ക് വിള ഇൻഷ്വറൻസ് പദ്ധതിയിൽ പങ്കാളികളാകാം. സ്വന്തമായോ പാട്ടത്തിനോ കൃഷി ഇറക്കുന്നവർക്ക് ഈ പദ്ധതിയിൽ അംഗമാകാം. എന്നാൽ വിളകൾക്കുണ്ടാകുന്ന പൂർണനാശത്തിന് മാത്രമേ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കൂ.
കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതിക്കുവേണ്ടി നെൽകർഷകനിൽനിന്ന് ഓരോ കൃഷിക്കും ഹെക്ടർ ഒന്നിന് 250 രൂപ പ്രകാരം ഈടാക്കുന്നുണ്ടെങ്കിലും കർഷകന് ഇതിന്റെ ഫലം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്, 100 ഹെക്ടർ വിസ്തൃതിയുള്ള ഒരു പാടശേഖരത്തിലെ 40 ഹെക്ടർ കൃഷി നശിച്ചാലും ബാക്കി കൃഷി വിളവെടുക്കുന്നതിനാൽ 40 ഹെക്ടറിലെ വിളനാശത്തിന് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കില്ല. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ ഒരു പാടശേഖരത്തിൽതന്നെ തറനിരപ്പ് വ്യത്യസ്തമാകയാൽ മഴക്കാല കൃഷിയിൽ ചില പ്രദേശങ്ങളിലെ നെല്ല് നശിച്ചുപോകുമ്പോൾ മറ്റു പ്രദേശങ്ങളിൽ നല്ല വിളവ് ലഭിക്കുക പതിവാണ്. വേനൽമഴയുടെ ദുരിതവും വരിനെല്ല് വളരുന്നതും കീടങ്ങളും പുഴുവും ആക്രമിക്കുന്നതും പലപ്പോഴും പല രീതിയിലാകാം. ഇതെല്ലാം കഴിഞ്ഞ് കൊയ്ത്തിനു കാലമാകുമ്പോൾ നെല്ല് നിലംപറ്റെ വീഴുന്നതും മഴക്കെടുതികൾകൊണ്ടുള്ള നഷ്ടങ്ങളും ഓരോ പാടത്തും ഓരോ കണ്ടങ്ങളിലും വ്യത്യസ്തമായിരിക്കും. എന്നാൽ, ഇപ്രകാരമുള്ള ഭാഗിക കൃഷിനാശത്തിന് യാതൊരു ആനുകൂല്യവും കർഷകർക്കു ലഭിക്കുന്നില്ല. ഇതിന് മാറ്റം വന്നേ തീരൂ.
ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുള്ള ഓരോ പാടശേഖരത്തിലെയും ഓരോ കർഷകനെയും ഓരോ യൂണിറ്റായി കണക്കാക്കി, ഭൂരിഭാഗം എന്നത് ഒഴിവാക്കി, അത് എത്ര ചെറുതായാലും നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ഓരോ കർഷകനും ലഭിക്കുന്നു എന്ന തരത്തിലേക്ക് ഇതിന്റെ ഘടനയിൽ മാറ്റം വരുത്തിയാൽ മാത്രമേ നെൽകർഷകന് ഗുണകരമാകൂ.
ഇൻഷ്വറൻസ് പരിരക്ഷ വർധിപ്പിക്കണം
ഇൻഷ്വറൻസ് നഷ്ടപരിഹാരം നല്കുന്നത് വിതയോ നടലോ കഴിഞ്ഞ് കൃഷിനാശമുണ്ടാകുന്നത് 45 ദിവസത്തിനകമെങ്കിൽ ഹെക്ടറിന് 15,000 രൂപയാണ്. ഇതു വളരെ തുച്ഛമായ തുകയാണ്. ഒരു ഹെക്ടർ നിലം ഒരുക്കി വിതച്ച്, രണ്ട് തവണ വളം പ്രയോഗിച്ച്, കളനാശിനിയും കീടനാശിനിയും തളിച്ച് കളപറിയും കഴിയുന്ന സമയമാണ് 45 ദിവസം. അതായത്, കൃഷിക്കായി ചെലവഴിക്കുന്നതിന്റെ 70 മുതൽ 80 ശതമാനം വരെ തുക കർഷകൻ ഈ സമയത്ത് ചെലവാക്കിയിരിക്കും.
ശരാശരി 75,000 രൂപ ഹെക്ടറിന് ചിലവഴിച്ചു കഴിയുമ്പോഴാണ് പാടശേഖരത്തിലെ കൃഷി പൂർണമായി നഷ്ടപ്പെട്ടാൽ മാത്രം കർഷകന് നഷ്ടപരിഹാരമായി 15,000 രൂപ ലഭിക്കുക. വിളവിറക്കി 45 ദിവസം കഴിഞ്ഞാൽ ഹെക്ടർ ഒന്നിന് 90,000 രൂപ വരെ ചെലവാക്കുന്ന കർഷന് ലഭിക്കുന്നത് കേവലം 35,000 രൂപ മാത്രം.
കൃഷിച്ചിലവുകൾ പരിഗണിക്കാതെ, കർഷകൻ പൊതുസമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകൾ കണക്കാക്കാതെ, യാതൊരു മാനദണ്ഡവും കൂടാതെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻഷ്വറൻസ് നഷ്ടപരിഹാരത്തിലും നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയിലും മാറ്റം വന്നേ തീരൂ. നിലവിലുള്ള കർഷകരെയെങ്കിലും കൃഷിയിൽനിന്നകറ്റാതെ നിലനിർത്താൻ നെൽകൃഷി ഇൻഷ്വറൻസ് രീതിയിൽ സമൂലമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എ.എം.എ. ചമ്പക്കുളം