നെൽകർഷകന്റെ അവകാശങ്ങളൊക്കെയും ലംഘിക്കപ്പെടുന്ന നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. ജീവിക്കുന്ന സാഹചര്യത്തിൽ വെള്ളവും വെളിച്ചവും വഴിയും ലഭിക്കാനും മാന്യമായി തന്റെ കൃഷിയിടത്തിൽ കൃഷി ഇറക്കാനും ഓരോ പൗരനും അവകാശമുണ്ട്.
എന്നാൽ, മേൽപ്പറഞ്ഞവയൊന്നും നെൽകർഷകന്റെ സാമാന്യ അവകാശത്തിൽ പെടുന്നതല്ല എന്ന അവസ്ഥ യാണ് ഇന്നു സംജാതമായിരിക്കുന്നത്. ബന്ധപ്പെട്ട സമിതികൾ കൃത്യമായ ഇടവേളകളിൽ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. ഇത്തരത്തിൽ വർധിപ്പിക്കുന്ന കൂലി നല്കാൻ വിധിക്കപ്പെട്ട നെൽകർഷകന്റെ പരാതി കേൾക്കാൻ ഇവിടെ ആരും തയാറാകുന്നില്ല. കാരണം, അവർ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ടുതന്നെ.
കൂലിച്ചെലവുകൾ ഒരു താരതമ്യം
നാടിന്റെ നെല്ലറയായ കുട്ടനാട് പക്ഷേ, കർഷകന്റെ കല്ലറ പണിയുന്ന നാടായി മാറിയിരിക്കുന്നു. 1975ൽ കുട്ടനാട്ടിൽ ഒരു പുരുഷ തൊഴിലാളിക്ക് 1015 രൂപ വരെയായിരുന്നു കൂലി. സ്ത്രീ തൊഴിലാളിക്ക് ആറ്ഏഴ് രൂപയും. 2025ൽ ഇത് പുരുഷന് 1,100 ഉം സ്ത്രീക്ക് 650 ആയും വർധിച്ചു. പല സ്ഥലത്തും ഇതിലും കൂടുതൽ നല്കാൻ കർഷകൻ നിർബന്ധിതനാകുന്നു എന്നതാണ് യാഥാർഥ്യം.
1975ൽ ഒരു പറ നെല്ലിന് കിട്ടിയിരുന്ന വില ഏഴു രൂപയായിരുന്നു. ഇന്നത്തെ നെല്ലു വില അടിസ്ഥാനപ്പെടുത്തിയാൽ ഒരു പറ നെല്ലിന് (ആറ് കിലോ) കിട്ടുന്ന വില (28 x 6) 168 രൂപയാണ്. അതായത്, ഒരു പുരുഷ തൊഴിലാളിയുടെ കൂലി 15 രൂപയിൽനിന്നു 1,100ലേക്ക് മാറുകയും സ്ത്രീ തൊഴിലാളിയുടേത് ഏഴു രൂപയിൽനിന്ന് 650ലേക്ക് ഉയരുകയും ചെയ്തപ്പോൾ നെല്ലുവില ഏഴു രൂപയിൽനിന്ന് 168 രൂപ മാത്രമായിട്ടാണ് ഉയർന്നിട്ടുള്ളത്. പുരുഷ തൊഴിലാളിയുടെ കൂലി 73 ഇരട്ടിയും സ്ത്രീ തൊഴിലാളിയുടേത് 92 ഇരട്ടിയും വർധിച്ചപ്പോൾ നെല്ലു വില വർധിച്ചത് 28 ഇരട്ടി മാത്രം. അതായത്, കർഷകന്റെ കൂലിച്ചെലവ് നെല്ലുവിലയുടെ പതിന്മടങ്ങായി വർധിച്ചു.
ഇത്തരത്തിൽ കൂലി കൂട്ടുമ്പോൾ എന്തേ ആനുപാതികമായി നെല്ലുവില ഉയർത്തുന്നില്ല? ഈ ചോദ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. കൃഷി ഉണ്ടെങ്കിലേ തൊഴിലാളികളെ ആവശ്യം വരൂ എന്നതു മറക്കരുത്.
ആനിലയ്ക്ക് കഴിഞ്ഞ പല വർഷങ്ങളായും നെല്ലു വില സ്ഥിരമായി നില്ക്കുമ്പോഴും കൂലി വർധിപ്പിക്കാൻ ശ്രമിക്കുന്നവർ തൊഴിലാളികളുടെയും കർഷകരുടെയും ശത്രുക്കളാണെന്ന് മനസിലാക്കണം. കൂലി കൂട്ടുമ്പോൾ ആനുപാതികമായി നെല്ലുവില കൂടുന്നില്ലെങ്കിൽ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കാൻ കർഷകർ നിർബന്ധിതരാകും. നെല്ലുവില വർധിക്കുന്നതിന് ആനുപാതികമായാണ് കൂലി വർധിപ്പിക്കേണ്ടത്. അല്ലാതെ, കർഷകരെ ബലിയാടാക്കി അവരുടെ മനുഷ്യാവകാശം ലംഘിക്കുകയല്ല ചെയ്യേണ്ടത്.
എ.എം.എ. ചമ്പക്കുളം