ജീവൻ എന്നത് സൃഷ്ടികർത്താവിന്റെ ദാനമായിരിക്കെ അതിനെ അപഹരിക്കാൻ മനുഷ്യനോ മാനുഷിക നിയമങ്ങളോ ശ്രമിക്കുന്നത് ഉചിതമല്ല.
കൊലയ്ക്കു പകരം കൊല എന്നത് പ്രാചീനമാണ്. ആധുനിക മനുഷ്യൻ കുറ്റവാളികളുടെ മാനസാന്തരം ആവശ്യപ്പെടുന്നുണ്ട്. അതുവഴി സമൂഹത്തിനു നന്മ ചെയ്യാൻ ഒരവസരംകൂടി ലഭ്യമാകുന്നുവെന്ന് മാത്രമല്ല ഇനിയും നടക്കാനിടയുള്ള ജീവഹത്യകൾക്കും അറുതി വന്നേക്കാം. ആലപ്പുഴയിലെ ആൽബിയുടെ മാനസാന്തരവും തുടർന്നുള്ള സാമൂഹ്യ പ്രവർത്തനങ്ങളും അറിയാവുന്ന ജയിൽ ശുശ്രൂഷ നടത്തുന്ന പ്രേഷിത പ്രവർത്തകർക്ക് ഇക്കാര്യം ബോധ്യമാകും.
വളരെ ആധുനിക രീതിയിൽ പണികഴിപ്പിച്ച ജയിൽ ഇടങ്ങൾ ഉള്ളപ്പോൾ മനുഷ്യ സമ്പർക്കമില്ലാതെ മരണംവരെയും അതല്ലെങ്കിൽ മാനസാന്തരം വരെയും ജയിലഴിക്കുള്ളിൽ അടച്ചിടുക എന്നതാണ് ഏറ്റവും നല്ല ശിക്ഷയായി കണക്കാക്കപ്പെടേണ്ടത്. കുറ്റകൃത്യം ചെയ്തവരെ ഒറ്റയടിക്ക് തൂക്കുകയറിൽ കയറ്റുന്നതുകൊണ്ട് കുറ്റവാളികൾക്കോ ഇരയായവർക്കോ സമൂഹത്തിനോ യാതൊരുവിധ നേട്ടവും ഉണ്ടാകാനിടയില്ല.
നിയമങ്ങൾ നടപ്പിലാക്കേണ്ട നിയമപാലകരും ന്യായാധിപന്മാരും കുഞ്ഞുനാൾ മുതൽ അവർക്ക് ലഭിച്ച ധാർമിക, ആധ്യാത്മിക മൂല്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ വിലയിരുത്തുന്നതെന്ന കാര്യം നിഷേധിക്കാനാവാത്തതാണ്. കൊലയ്ക്കു പകരം കൊലതന്നെ വേണമെന്ന മൂല്യബോധം രൂപപ്പെട്ടിട്ടുള്ള മനസിൽ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ലാതെ വരും. അതുകൊണ്ടുതന്നെയാണ് കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനും കേരളത്തിലെ കഷായക്കൊലയ്ക്കും ഒരേ ദിവസം രണ്ടു തരത്തിൽ വിധി വന്നതെന്ന് അനുമാനിക്കേണ്ടിവരുന്നത്.
കത്തോലിക്ക സഭയുടെ നിലപാടുകളും വ്യത്യസ്തമല്ലെന്ന കാര്യം കൂടെ ഓർമപ്പെടുത്തട്ടെ. ഇത്തരുണത്തിൽ ദീപികയിലെ ബുധനാഴ്ചയിലെ എഡിറ്റോറിയൽ വളരെയധികം അർഥവത്തായി കരുതുന്നു. പത്രാധിപർക്ക് അഭിനന്ദനങ്ങൾ.
ജെയിംസ് ആഴ്ചങ്ങാടൻ, ജനറൽ സെക്രട്ടറി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി.