രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ചെളിയിലും ചേറ്റിലും പണിയെടുക്കുന്ന നെൽകർഷകർക്ക് സമരം കഴിഞ്ഞിട്ട് കൃഷി ചെയ്യാൻ നേരമില്ലാത്ത അവസ്ഥയാണിപ്പോൾ. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ രണ്ട് കൃഷി ചെയ്യുന്ന പാടങ്ങളിലെ കൃഷിക്കാർ ആണ്ടുവട്ടം മുഴുവൻ സമരഭൂമിയിലാണ്.
കൃഷിയിറക്കാൻ പുറംബണ്ട് ബലപ്പെടുത്തണം. പൊതുമടകൾ കുത്തണം. നല്ല കിളിർപ്പുള്ള വിത്തുകൾ യഥാസമയം ലഭ്യമാക്കണം. വളവും കീടനാശിനികളും അനുയോജ്യമായത് ആവശ്യമനുസരിച്ച് ലഭ്യമാക്കണം. വിളവെത്തിയാൽ വിളനഷ്ടം വരുത്താതെ കൊയ്തെടുക്കാൻ ആവശ്യമായ യന്ത്രങ്ങൾ യഥാസമയം എത്തിക്കണം. കൊയ്ത്ത് നടന്നാലുടൻ നെല്ല് കിഴിവ് കൂടാതെ പെട്ടെന്ന് സംഭരിക്കപ്പെടണം. നെല്ല് സംഭരിക്കപ്പെട്ടാലുടൻ കർഷകന് നെല്ലിന്റെ വില ലഭ്യമാകണം.
എന്തെങ്കിലും കാരണത്താൽ കൃഷിനാശമോ നഷ്ടമോ ഉണ്ടായാൽ നഷ്ടപരിഹാരം കാലതാമസം കൂടാതെ കർഷകർക്ക് ലഭ്യമാകണം. മറ്റു ജോലികളിൽ നിന്നെല്ലാം വ്യത്യസ്തമായ, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി പോരാടുന്ന കർഷകന്റെ ആവശ്യങ്ങൾ ഇത്രമാത്രം. എന്നാൽ, ഈ അവകാശങ്ങൾ അവർക്ക് അനുവദിച്ചു നല്കാൻ പ്രഥമസ്ഥാനം നല്കേണ്ടവർ അവരെ ആണ്ടുവട്ടം മുഴുവൻ സമരത്തിന്റെ പാതയിലേക്കു തള്ളിവിടുന്നു.
നെൽകൃഷി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ മുതൽ കർഷകർ സമരം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു പാടശേഖരത്തിൽ കൃഷി ഇറക്കണമെങ്കിൽ പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തുകയും മടകൾ കുത്തി സുരക്ഷിതമാക്കുകയും ചെയ്യണം. ഇതിനുവേണ്ട ഫണ്ട് കണ്ടെത്താൻ സാധാരണക്കാരായ കർഷകർക്ക് സാധിക്കില്ല. ഇത് പല കാലങ്ങളായി ആവശ്യകത അനുസരിച്ച് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ഇന്ന് ഇപ്രകാരമുള്ള പുറംബണ്ട് ബലപ്പെടുത്തലിനും മട കുത്തലിനുമുള്ള ഫണ്ട് ലഭിക്കാത്തതിനാൽ കർഷകർ പല സ്ഥലങ്ങളിലും നിരന്തര സമരത്തിലാണ്. ബന്ധപ്പെട്ടവരുടെ വാക്ക് വിശ്വസിച്ച് കെട്ടുതാലി വരെ പണയംവച്ച് ഇതിനായി പണം കണ്ടെത്തിയവർ ഇന്ന് ദിവസങ്ങളായി റോഡ് വക്കുകളിലും ഓഫീസുകൾക്കു മുന്നിലും സമരം ചെയ്യുന്നത് ഒരു നിത്യക്കാഴ്ചയാണ്.
വിത്തിനുവേണ്ടിയും സമരം
യഥാസമയം നല്ല വിത്ത് ലഭ്യമായെങ്കിൽ മാത്രമേ സമയബന്ധിതമായി കൃഷിയിറക്കാൻ കഴിയൂ. എന്നാൽ, പലപ്പോഴും വിത്ത് യഥാസമയം ലഭിക്കുന്നില്ല എന്നതു മാത്രമല്ല, കിട്ടുന്ന വിത്ത് പലപ്പോഴും വേണ്ടവിധം കിളിർക്കുന്നുമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വിത്ത് കിളിർക്കാതെ പോയ സംഭവങ്ങൾ കുട്ടനാട്ടിൽ കൂടുതലായിരുന്നു. എന്നാൽ, ഇതൊന്നും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല. കുട്ടനാട്ടിൽ വിത്ത് ഉത്പാദന സംഭരണ കേന്ദ്രങ്ങളാക്കാൻ പറ്റിയ കായൽ പാടങ്ങൾ ഉണ്ടായിട്ടും മറ്റു പല താത്പര്യങ്ങളുടെയും പേരിൽ അതു നടക്കുന്നില്ല.
കൊയ്ത്ത് യന്ത്രത്തിനും സമരം വേണം
കൃഷി ഇറക്കിയാൽ അതിന് ആവശ്യമായ വളവും കീടനാശിനികളും അവ കൊയ്തെടുക്കാനുള്ള യന്ത്രങ്ങളും ആവശ്യമാണെന്നും അവ യഥാസമയം ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും മറന്നുപോകുന്നവരാണ് കൂടുതലും. കൊയ്ത്ത് യന്ത്രത്തിന്റെ കാര്യത്തിലാണ് കർഷകൻ ഏറ്റവും അധികം വഞ്ചിക്കപ്പെടുന്നത്. ഓരോ വിളവെടുപ്പു കാലത്തും ഇടനിലക്കാരുടെയും ചില പാടശേഖര കമ്മിറ്റിക്കാരുടെയും ഇടപെടലുകൾ കർഷകന്റെ ഭാരം കൂട്ടുന്നു. മണിക്കൂറിന് 300 മുതൽ 1000 രൂപ വരെ കൂടുതൽ കൊടുക്കാൻ നിർബന്ധിക്കപ്പെടുന്നു. കൂടാതെ സമയം കൂടുതലെടുത്ത് കൊയ്യുന്ന യന്ത്ര ഓപ്പറേറ്റർമാരുടെ കുബുദ്ധികൂടി ചേരുമ്പോൾ കർഷകന്റെ പോക്കറ്റ് കാലിയാകും. ഇതിന്റെ പേരിൽ സമരത്തിനിറങ്ങിയാൽ വിളവ് നശിക്കും എന്നതുകൊണ്ട് കർഷകൻ കൂടിയ നിരക്ക് കൊടുത്ത് കൊയ്ത്ത് നടത്താൻ നിർബന്ധിതരാകുന്നു.
സംഭരണവും കിഴിവും
പ്രകൃതിക്ഷോഭവും കീടബാധയും അതിജീവിച്ച് വിളവെടുക്കുന്ന നെല്ല് യഥാസമയം സംഭരിക്കുക എന്നതാണ് ഇന്ന് കർഷകൻ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അതിന് തടസമാകുന്നത് മില്ലുകാരും ഏജന്റുമാരും പാടശേഖരകമ്മിറ്റിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. കൊയ്ത് ശേഖരിക്കുന്ന നെല്ല് നിലവിലെ സ്ഥിതിയിൽ കൂടുതൽ ദിവസങ്ങൾ പാടശേഖരങ്ങളിലും പുറംബണ്ടുകളും സൂക്ഷിക്കാനാവില്ല. കർഷകന്റെ ഈ ദയനീയ അവസ്ഥയെ ചൂഷണം ചെയ്ത് കിഴിവിന്റെ അളവ് കൂട്ടുകയാണ്.
വില കിട്ടാൻ സമരം
ചുമട്ടുകൂലിയടക്കം എല്ലാ ചെലവുകളും കയ്യോടെ കൊടുത്ത് കിഴിവും സഹിച്ചാണ് കർഷകർ നെല്ല് കൊടുക്കുന്നത്. എന്നാൽ അതിന്റെ വില കിട്ടാൻ മാസങ്ങൾ കാത്തിരിക്കുകയും സമരം ചെയ്യുകയും ചെയ്യേണ്ട ഗതികേടിലാണ് നെൽകർഷകർ. ഓരോ കൃഷി കഴിയുമ്പോഴും ഇതാവർത്തിക്കുന്നു. ഗതികേടിന്റെ ഈ ആവർത്തന ചക്രത്തിൽനിന്ന് നെൽകർഷകർക്കു മോചനമില്ലേ?
എ.എം.എ. ചമ്പക്കുളം