ജൂൺ 23ന് ദീപികയിൽ ക്രിസ് തോമസ് ഇന്ത്യയിലെ കായിക പഠനരംഗത്തെ ആദിഗുരു എന്നു വിശേഷിപ്പിക്കുന്ന പദ്മശ്രീ ഡോ. പി.എം. ജോസഫിന്റെ 25ാം ചരമവാർഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനം വായിച്ചു. ഹൃദയം നിറഞ്ഞ് സന്തോഷിച്ചു. ക്രിസ് തോമസിനും ദീപികയ്ക്കും അഭിനന്ദനങ്ങൾ. പി.എം. ജോസഫിനെപ്പോലെയുള്ള പ്രതിഭകളെ മറക്കുന്ന സ്വഭാവം നമ്മുടെയിടയിൽ ഉണ്ട് എന്നു പറയുന്നത് അവിവേകമാകുകയില്ല എന്നു കരുതട്ടെ.
ഫീൽഡ് ഹോക്കി ഒഴിച്ചുള്ള ആധുനിക കായിക മത്സരരംഗങ്ങളിൽ ഇന്ത്യ പിച്ചവച്ചു നടക്കുന്ന കാലത്തുതന്നെ ഈ രംഗത്തെ പഠനത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അതിലേക്ക് ഉറച്ച കാൽവയ്പുകൾ നടത്തിയ ധിഷണാശാലിയായിരുന്നു ഡോ. പി.എം. ജോസഫ്.
ഒരൊറ്റ കോളജിന്റെ (ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, ഗ്വാളിയാർ പിൽകാലത്ത് അത് കല്പിത സർവകലാശാലയും ഒന്നിലധികം ശാഖകളുമായി വളർന്നു) സ്ഥാപനം വഴി ഇന്ത്യ മുഴുവൻ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ടു അദ്ദേഹം. ഇതെഴുതുന്നയാളിന്റെ കോളജ് പഠനകാലത്ത്, ധാരാളം പ്രഗത്ഭരായ കായികാധ്യാപകർ, ഞങ്ങൾ പി.എം. ജോസഫിന്റെ വിദ്യാർഥികളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നു. ഓർമയിൽ പെട്ടെന്ന് ഓടിവരുന്നത്, എന്റെ ആദ്യ കോളജായ ചേർത്തല എൻഎസ്എസ് കോളജിലെ ബാലകൃഷ്ണൻ നായർ സാർ, അവസാനം പഠിച്ച ആലുവ യുസി കോളജിലെ വർഗീസ് സാർ എന്നിവരെയാണ്. ഇവരെക്കൂടാതെ എന്റെ അടുത്ത ബന്ധുക്കളായിരുന്ന പി.എം. വർക്കി തരകൻ, പി.എം. ഗ്രിഗറി തരകൻ (പിൽകാലത്ത് ഇവർ ഗോവയിലെ മാപുസ സെന്റ് സേവ്യേഴ്സിലും കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലും പ്രഗത്ഭ കായികാധ്യാപകരായി) എന്നിവർ പി.എം. ജോസഫ് സാറിന്റെ വിദ്യാർഥികളായിരുന്നു എന്നു മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് പറയുന്പോൾ, ഇവർക്ക് നൂറു നാവുകളായിരുന്നു താനും.
വിദ്യാർഥികളുടെ പരിപൂർണ സ്നേഹം, ബഹുമാനം, വിശ്വസ്തത ഇവ പി.എം. ജോസഫിന്റെ അധ്യാപക ജീവിതത്തിലുടനീളം ലഭിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടറിയാൻ, പ്രായത്തിൽ വളരെ താഴ്ന്നയാളായിരുന്നെങ്കിലും, എനിക്ക് അവസരം ലഭിച്ചിരുന്നു. ഓർമയിൽ തിളങ്ങി നിൽക്കുന്ന ഒരു ട്രെയിൻ യാത്രയുണ്ട്. ദശകങ്ങൾക്കു മുന്പ് ഒരു ജൂണിൽ കൊച്ചിയിൽനിന്നു ബംഗളൂരുവിന് എനിക്ക് ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നു. ഇരുപ്പുറപ്പിച്ച എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഡോ. പി.എം. ജോസഫ് സഹയാത്രികനായി അടുത്ത സീറ്റിൽ വന്നിരുന്നു.
അതിനു മുൻപ്, അന്നത്തെ കേരളത്തിലെ രണ്ടു വ്യവസായ പ്രമുഖർ, ഡോളോമൈറ്റ് വ്യവസായ രംഗത്ത് അറിയപ്പെട്ടിരുന്ന ചേർത്തലയിലെ പ്രമുഖ കുടുംബാംഗമായിരുന്ന പരേതനായ ഏബ്രഹാം അന്ത്രപ്പേർ, ചന്ദ്രിക സോപ്പിന്റെ സ്ഥാപകനായ സി.ആർ. കേശവൻ വൈദ്യന്റെ മകൻ സോപ്പുനിർമാണ കന്പനിയുടെ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന മണിലാൽ, ഇവർ രണ്ടുപേരാണ് പഴയ ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ ഉണ്ടായിരുന്നത്. ഇവരോട് പരിചയത്തിന്റെ പേരിൽ ചില ചില്ലറ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് പത്മശ്രീ ഡോ. പി.എം. ജോസഫ് പ്രത്യക്ഷപ്പെടുന്നത്. അധികം താമസിക്കാതെ ഞാൻ എല്ലാ പൊലിവോടും കൂടി അദ്ദേഹത്തിനു വ്യവസായ പ്രമുഖരെ പരിചയപ്പെടുത്തി.
പിന്നെ, എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ സൗകര്യം ലഭിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. അല്പഭാഷിയും മൃദുലഭാഷിയും കുലീന ഭാഷിയുമായ പി.എം. ജോസഫിൽനിന്നു വീണുകിട്ടുന്ന വാക്കുകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കേരളത്തിലെ വ്യവസായ പ്രമുഖർ. ഒടുവിൽ ബംഗളൂരുവിൽ ചെന്നപ്പോൾ എന്നോട് അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.
പി.എം. ജോസഫിന്റെ കുടുംബ പൈതൃകത്തെക്കുറിച്ച് ക്രിസ് തോമസ് സൂചിപ്പിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ ‘മൈ ഡിയർ മോഹൻ ദാസ്’ എന്ന് എഴുത്തുകളിൽ സംബോധന ചെയ്തിരുന്ന അഞ്ചോ ആറോ പേരിലൊരാളായിരുന്നു ബാരിസ്റ്റർ ജോർജ് ജോസഫ് എന്ന മൂത്ത സഹോദരൻ. അടുത്ത സഹോദരൻ ഇന്ത്യൻ പത്ര പ്രവർത്തന രംഗത്തെ കുലപതിയായിരുന്ന പോത്തൻ ജോസഫ്. ഇവരോടൊപ്പം നിൽക്കുന്ന, 1940കളിൽ ബോംബേ സോഫയ കോളജിന്റെ പ്രിൻസിപ്പലും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ എക്സിക്യൂട്ടീവ് മെംബറുമായിരുന്ന ഒരു സഹോദരിയുമുണ്ടായിരുന്നു പി.എം. ജോസഫിന്.
ഇപ്പോഴത്തെ അവരുടെ പിന്മുറക്കാരും ഒട്ടും പിറകിൽ നിൽക്കേണ്ടവരല്ല. ഇന്ത്യൻ നയതന്ത്ര വിദഗ്ധരിൽ പ്രസിദ്ധനായ തോമസ് ഏബ്രഹാം, പ്രസിദ്ധ ചരിത്രകാരിയായിരുന്ന മീര ഏബ്രഹാം, ലോകമെന്പാടും അറിയപ്പെടുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ കുറിച്ചുകൂടി എഴുതിയ, ‘ക്രെസ്റ്റ് ഓഫ് ദി പീകോക്ക്’ എന്ന പെൻഗ്വിൻ ക്ലാസിക് കൃതിയുടെ കർത്താവായ ജോർജ് ഗീവർഗീസ് ജോസഫ് ഇങ്ങനെ പ്രഗത്ഭരുടെ ലിസ്റ്റ് നീണ്ടുപോകുന്നു. മധ്യതിരുവിതാംകൂറിൽനിന്ന് ഇന്ത്യ മുഴുവനും ലോകമെന്പാടും തന്റെ പ്രാഗത്ഭ്യവും പ്രശസ്തിയും പരത്തിയ ഡോ. പി.എം. ജോസഫ് എന്ന അധ്യാപക ഗവേഷകനെ കേരളത്തിനൊരിക്കലും മറക്കാനാവില്ല. കൽക്കട്ട യൂണിവേഴ്സിറ്റിയിൽ ഒരുകാലത്ത് ഫിലോസഫിയിൽ, എസ്. രാധാകൃഷ്ണനും ഫിസിക്സിൽ സി.വി. രാമനും ആന്ത്രോപ്പോളജിയിൽ എൽ.എ. അനന്തകൃഷ്ണ അയ്യരും ‘അവസാന വാക്കായിരുന്നു’ എന്നു കേട്ടിട്ടുണ്ട്. എന്നതുപോലെ പദ്മശ്രീ ഡോ. പി.എം. ജോസഫ് ഇല്ലാത്ത ഇന്ത്യൻ കായികാധ്യാപക രംഗത്തെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റില്ല.
ഡോ. പി.കെ. മൈക്കിൾ തരകൻ
കാക്കതുരുത്ത്, ആലപ്പുഴ